ഹൈദരാബാദ് :ആന്ധ്ര - തെലങ്കാന സംസ്ഥാനങ്ങളില്‍ ഇതിനകം സൂര്യാഘാതമേറ്റ് മരിച്ചത് 6 പേര്‍.കത്തുന്ന വെയിലിൽ പൊള്ളി നില്‍ക്കുകയാണ് വടക്കൻ തെലങ്കാന. മൂന്ന് ദിവസമായി സംസ്ഥാനത്തെ ഉയർന്ന താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നു. 11 ജില്ലകളിലാണ് തിങ്കളാഴ്‌ച ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. നൽഗൊണ്ട, ജയശങ്കർ, ഭൂപാലപള്ളി ജില്ലകളിലെ പലയിടത്തും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വെയിലിന്‍റെ തീവ്രത വർധിക്കുമെന്നാണ് കാലാവസ്ഥാകേന്ദ്രം നൽകിയ മുന്നറിയിപ്പ്. മൂന്നുദിവസമായി വെയിലിന്‍റെ കാഠിന്യം കൂടിയതോടെ 11 മണി കഴിഞ്ഞാൽ പുറം ജോലികൾ ചെയ്യുന്ന പലർക്കും ചൂട് വില്ലനാവുകയാണ്. വൈകിട്ട് അഞ്ച് മണി വരെ ചൂട് ഇതേ താപനിലയിൽ തുടരുകയാണ്.
സാധാരണ താപനിലയേക്കാൾ 2.9 ഡിഗ്രി സെൽഷ്യസാണ് ഖമ്മത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. നൽഗൊണ്ടയിൽ 2.5, മേദക്കിൽ 1.3, ഭദ്രാചലത്ത് 1.3 സെൽഷ്യസ്. അതേസമയം രാത്രിയിലും താപനില വർധിച്ച അവസ്ഥയാണ്. ഞായറാഴ്‌ച രാത്രി ഖമ്മത്ത് 30 ഡിഗ്രി സെൽഷ്യസ്, അതായത് സാധാരണയുള്ളതിനേക്കാള്‍ 2.2 ഡിഗ്രി ഉയര്‍ന്നു. ഹനുമകൊണ്ടയിൽ 29.5 ഡിഗ്രി, സാധാരണത്തേതിനേക്കാള്‍ 2.1 ഡിഗ്രി അധികം. ഹൈദരാബാദ് നഗരത്തില്‍ 28.7 ഡിഗ്രിയാണ്. ഇത് സാധാരണത്തേതിനേക്കാള്‍ 1.9 ഡിഗ്രിയും കൂടുതലാണ്.
സൂര്യാഘാതമേറ്റ് മരിച്ചത് 3 പേർ :സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇത് വരെ മൂന്ന് പേരാണ് മരിച്ചത്. മഞ്ചിരിയാല ജില്ലയിലെ ലക്ഷെട്ടിപ്പേട്ട അങ്കടിവാടയിലെ കോൺസ്‌റ്റബിൾ മുട്ടെ സന്തോഷ് (45) ഞായറാഴ്ച അർധരാത്രി മരിച്ചിരുന്നു. രാമകൃഷ്ണപൂർ പോലീസ് സ്‌റ്റേഷനിൽ കോൺസ്‌റ്റബിളായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. ഹനുമകൊണ്ട ജില്ലയിലെ ഹസൻപർത്തി മണ്ഡലത്തിലെ സിദ്ധാപൂർ ഗ്രാമത്തിലെ മുസുകു പെന്തു (52) കൂലിപ്പണി ചെയ്‌താണ് കുടുംബം പുലർത്തുന്നത്. തിങ്കളാഴ്‌ച ഗ്രാമത്തിൽ ജോലി ചെയ്യുകയായിരുന്ന പെന്തു പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.