ന്യൂഡല്‍ഹി:ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ 34 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. നിരവധി നഗരങ്ങള്‍ വെള്ളത്തിനടിയിലാവുകയും അനേകം സ്ഥാപനങ്ങളും വീടുകളും റോഡുകളും തകരുകയും ചെയ്‌തു. അടുത്ത ഏതാനും ദിവസങ്ങളില്‍ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്‌മീര്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും സമീപപ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
യമുന നദിയില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തി:കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ വികാസ്‌നഗറിലെ യമുന നദിയില്‍ കുടുങ്ങിക്കിടന്ന 12 പ്രദേശവാസികളെ സംസ്ഥാന ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. പച്ച്വാഡൂണ്‍ പ്രദേശത്തായിരുന്നു സംഭവം. മണലും ചരലും നീക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ് ഇവര്‍ നദിയില്‍ അകപ്പെട്ടത്.
യമുന നദിയുടെ തീരത്ത് മണല്‍ത്തിട്ടില്‍ സ്ഥാപിച്ചിരുന്ന താത്‌കാലിക ക്യാമ്പുകളിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് നദിയിലെ ജലനിരപ്പ് ഉയര്‍ന്നതുമൂലം പ്രദേശവാസികള്‍ താമസിച്ചിരുന്ന സ്ഥലത്ത് അകപ്പെട്ടുപോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സംസ്ഥാന ദുരന്ത നിവാരണ സേന പ്രവര്‍ത്തകര്‍ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രാദേശിക പൊലീസിന്‍റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ആറ് പുരുഷന്മാരും രണ്ട് സ്‌ത്രീകളും മൂന്ന് കുട്ടികളും എട്ട് മാസം പ്രായമുള്ള ഒരു കുട്ടിയും അടക്കം 12 പേരെയാണ് ഇവര്‍ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ശമനമില്ലാതെ പെയ്യുന്ന മഴയില്‍ മലയോര മേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം താറുമാറായി. കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് ബദരീനാഥ് ദേശീയ പാതയിലൂടെയും മറ്റ് നിരവധി റോഡുകളിലൂടെയുമുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. ഉത്തരാഖണ്ഡിലെ 11 ജില്ലകളില്‍ കനത്ത മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ കര്‍ശന ജാഗ്രത നിര്‍ദേശങ്ങളാണ് കാലാവസ്ഥ വകുപ്പ് നല്‍കിയിരിക്കുന്നത്.