ന്യൂഡൽഹി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ മൂല്യവർധിത നികുതി കുറയ്‌ക്കാത്തിൽ കേരളത്തെയടക്കം കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. പ്രതിപക്ഷ എംപിമാർ വിഷയം ഉയർത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ബിജെപി ഇതര ആറ് സംസ്ഥാനങ്ങളായ കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ജാർഖണ്ഡ് എന്നിവയ്‌ക്കെതിരെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം.
കേന്ദ്ര സർക്കാർ നികുതി കുറച്ചപ്പോഴും കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങൾ പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് കുറച്ചില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം. പെട്രോളിയം ഉൽപന്നങ്ങളുടെ എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചതായി പുരി ലോക്‌സഭയിൽ പറഞ്ഞു. സൂചനകൾ പിന്തുടർന്ന് മറ്റ് സംസ്ഥാനങ്ങളും അവയുടെ മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു. എന്നാൽ, കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ജാർഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങൾ വാറ്റ് കുറച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
നിലവിൽ ഇന്ത്യയിലെ പെട്രോളിന്‍റെ വില താഴ്‌ന്ന നിലയിലാണ്. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡിന്‍റെ ഉയർന്ന വില കാരണം എണ്ണ വിപണന കമ്പനികൾക്ക് 27,276 കോടി രൂപയുടെ നഷ്‌ടമുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വാറ്റ് കുറയ്ക്കാൻ പ്രതിപക്ഷ എംപിമാർക്ക് അവരുടെ സംസ്ഥാന സർക്കാരുകളോട് നിർദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു.