ന്യൂഡല്‍ഹി:നോയിഡയിലെ അനധികൃത ഇരട്ട ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കലിന് ഇനി അവശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. ഇതുമായി ബന്ധപ്പെട്ട് അവസാന പരിശോധനകൾ നടത്തിയതായി ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചു. കെട്ടിടങ്ങളില്‍ ഘടിപ്പിച്ച സ്‌ഫോടക വസ്‌തുക്കളുടെയും അനുബന്ധ ക്രമീകരണങ്ങളുടെയും അന്തിമ പരിശോധനയാണ് ശനിയാഴ്‌ച (ഓഗസ്റ്റ് 27) നടന്നത്.
നോയിഡ ഇരട്ട ഫ്ലാറ്റുകള്‍ നിലംപൊത്താന്‍ ഇനി മണിക്കൂറുകള്‍; അവസാനഘട്ട പരിശോധനകള്‍ നടന്നു
ഓഗസ്റ്റ് 28 ഞായറാഴ്‌ചയാണ്, നോയിഡയിലെ അനധികൃത ഇരട്ട ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുക. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നത്.
നോയിഡയിലെ സൂപ്പര്‍ടെക് ഇരട്ട ഫ്ലാറ്റ് സമുച്ചയം, ഓഗസ്റ്റ് 28 ഞായറാഴ്‌ചയാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കുക. 3,700 കിലോഗ്രാം സ്‌ഫോടക വസ്‌തുക്കള്‍ ഉപയോഗിച്ചാണ് ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കുക. 10 പേരടങ്ങുന്ന സംഘമാണ് ഇതിനായുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നോയിഡയിലെ എമറാൾഡ് കോർട്ട് സൊസൈറ്റി പരിസരത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് നിർമിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.
ഡൽഹിയില്‍ സ്ഥിതി ചെയ്യുന്ന കുത്തബ് മിനാറിനേക്കാൾ 100 മീറ്ററോളം ഉയരമുള്ളതാണ് ഈ അനധികൃത കെട്ടിടങ്ങൾ. എമറാൾഡ് കോർട്ട്, എടിഎസ് വില്ലേജ് സൊസൈറ്റി എന്നീ പ്രദേശങ്ങളിലെ 5,000 ത്തോളം പ്രദേശവാസികള്‍ ഞായറാഴ്‌ച (ഓഗസ്റ്റ് 28) രാവിലെ ഏഴ് മണിക്ക് മുന്‍പ് മാറി താമസിക്കണമെന്ന് അധികൃതര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.