കേരളം

kerala

ETV Bharat / bharat

ഒടുവില്‍ ഇരട്ടകെട്ടിടങ്ങള്‍ നിലംപൊത്തി, പൊളിച്ചു നീക്കിയത് കുത്തബ് മിനാറിനേക്കാള്‍ ഉയരമുള്ള കെട്ടിടങ്ങള്‍ - Waterfall implosion Technique

സെക്‌റ്റർ 93 എ-യില്‍ നോയിഡ-ഗ്രേറ്റർ നോയിഡ എക്‌സ്‌പ്രസ്‌വേക്ക് സമീപം സ്ഥിതി ചെയ്‌തിരുന്ന അപെക്‌സ്, സെയാന്‍ എന്നീ ഫ്ലാറ്റ് സമുച്ചയങ്ങളാണ് പൊളിച്ചു നീക്കിയത്. രാജ്യത്ത് പൊളിച്ച് നീക്കപ്പെട്ട ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതി ഇനി ഈ ഇരട്ട ടവറിനാണ്

Noida Twin Tower demolished  Noida Twin Tower  Noida  കുത്തബ് മിനാറിനേക്കാള്‍ ഉയരമുള്ള കെട്ടിടങ്ങള്‍  അപെക്‌സും സെയാനും നിലംപൊത്തി  അപെക്‌സ്  സെയാന്‍
ഒടുവില്‍ ഇരട്ടകെട്ടിടങ്ങള്‍ നിലംപൊത്തി, പൊളിച്ചു നീക്കിയത് കുത്തബ് മിനാറിനേക്കാള്‍ ഉയരമുള്ള കെട്ടിടങ്ങള്‍

By

Published : Aug 28, 2022, 2:56 PM IST

Updated : Aug 28, 2022, 4:02 PM IST

നോയിഡ: നൂറു മീറ്ററോളം ഉയരമുള്ള നോയിഡയിലെ ഇരട്ട കെട്ടിടങ്ങള്‍ പൊളിച്ചു. കുത്തബ് മിനാറിനേക്കാള്‍ ഉയരത്തില്‍, സെക്‌റ്റർ 93 എ-യില്‍ നോയിഡ-ഗ്രേറ്റർ നോയിഡ എക്‌സ്‌പ്രസ്‌വേക്ക് സമീപം സ്ഥിതി ചെയ്‌തിരുന്ന അപെക്‌സ്, സെയാന്‍ എന്നീ ഫ്ലാറ്റ് സമുച്ചയങ്ങളാണ് ഇന്ന് (ഓഗസ്റ്റ് 28) ഉച്ചക്ക് 2.30ഓടെ നിലം പൊത്തിയത്. രാജ്യത്ത് പൊളിച്ച് നീക്കപ്പെട്ട ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതി ഇനി ഈ ഇരട്ട ടവറിനാണ്.

കൊച്ചിയിലെ അനധികൃത മരട് ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കിയ അതേ സംഘമാണ് നോയിഡയിലെ കെട്ടിടവും പൊളിച്ചു നീക്കിയത്. മരട് ഫ്‌ളാറ്റ് പൊളിച്ച് നീക്കി ഏകദേശം രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നോയിഡയിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചത്.

നീണ്ട നാളത്തെ നിയമ പോരാട്ടത്തിന്‍റെ ഫലം: അലഹബാദ് ഹൈക്കോടതിയിലും തുടർന്ന് സുപ്രീം കോടതിയിലും നടന്ന നീണ്ട 9 വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷമാണ് കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച സൂപ്പര്‍ ടെക് കമ്പനിയുടെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കുന്നത്. ഇതേ കമ്പനിയുടെ തന്നെ എമറാള്‍ഡ് കോര്‍ട്ട് എന്ന ഫ്ലാറ്റിലെ താമസക്കാരാണ്, ചട്ടങ്ങള്‍ ലംഘിച്ച് പണിത കെട്ടിടങ്ങള്‍ക്ക് എതിരെ പരാതി ഉന്നയിച്ചത്.

എമറാള്‍ഡ് കോര്‍ട്ടിലെ താമസക്കാര്‍ക്ക് തുടക്കത്തില്‍ കമ്പനി വലിയ വാഗ്‌ദാനങ്ങള്‍ നല്‍കിയിരുന്നു. ഫ്ലാറ്റിനോട് ചേര്‍ന്ന് മനോഹരമായൊരു പൂന്തോട്ടം നിര്‍മിക്കും എന്നുള്‍പ്പെടെ പറഞ്ഞാണ് എമറാള്‍ഡ് കോര്‍ട്ടിലേക്ക് താമസക്കാരെ ആകര്‍ഷിച്ചത്. എന്നാല്‍ പൂന്തോട്ടത്തിനായി കണ്ടെത്തിയ സ്ഥലത്ത് കൂറ്റന്‍ ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഉയരുന്നതാണ് പിന്നീട് എമറാള്‍ഡ് കോര്‍ട്ടിലെ താമസക്കാര്‍ കണ്ടത്.

തുടര്‍ന്ന് ഫ്ലാറ്റ് നിര്‍മിക്കുന്നത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് പറഞ്ഞ് അവര്‍ രംഗത്തെത്തി. രണ്ട് കെട്ടിടങ്ങള്‍ തമ്മില്‍ 16 മീറ്ററില്‍ താഴെ മാത്രമാണ് അകലം എന്നും പരാതിക്കാര്‍ പറഞ്ഞു. പരിശോധനയില്‍ നോയിഡ അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ ചട്ടലംഘനത്തിന് കൂട്ടു നിന്നതായും തെളിഞ്ഞു.

കേസ് കോടതിയില്‍: 2014ല്‍ കെട്ടിടം പൊളിക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും കേസ് സുപ്രീം കോടതിയിലെത്തി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി ശരിവെക്കുകയും കെട്ടിടങ്ങള്‍ പൊളിക്കാൻ മൂന്ന് മാസത്തെ സമയം അനുവദിക്കുകയും ചെയ്‌തു. ഫ്ലാറ്റ് വാങ്ങിയവരുടെ പണം 12 ശതമാനം പലിശ ചേര്‍ത്ത് തിരിച്ചു നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

പൊളിക്കലിന് നൂതന സാങ്കേതിക വിദ്യ: ഏകദേശം 17 കോടി രൂപ ചെലവില്‍ വാട്ടര്‍ഫാള്‍ ഇംപ്ലോഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചത്. വെറും 9 സെക്കന്‍ഡിലാണ് 915 ഫ്ലാറ്റുകളുള്ള ഭീമന്‍ കെട്ടിടങ്ങള്‍ നിര്‍മാണ അവശിഷ്‌ടങ്ങളായി മാറിയത്. മുംബൈ ആസ്ഥാനമായുള്ള എഡിഫൈസ് എഞ്ചിനീയറിങും ദക്ഷിണാഫ്രിക്കൻ സ്ഥാപനമായ ജെറ്റ് ഡെമോളിഷൻസുമാണ് പദ്ധതി ആസൂത്രണം ചെയ്‌ത് നടപ്പാക്കിയത്.

ഒരുക്കിയത് വന്‍ സുരക്ഷ: സുരക്ഷ മുൻകരുതലെന്ന നിലയിൽ സമീപ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ രാവിലെ തന്നെ അധികൃതര്‍ ആരംഭിച്ചിരുന്നു. ഇരട്ട ടവറിനോട് ചേര്‍ന്ന് താമസിക്കുന്ന അയ്യായിരത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആളുകളെ കൂടാതെ വളര്‍ത്തു മൃഗങ്ങളെയും വാഹനങ്ങളും സുരക്ഷിതമാക്കിയിരുന്നു.

ഇരട്ട കെട്ടിടങ്ങള്‍ക്ക് പരിസരത്തുണ്ടായിരുന്ന 40 തെരുവ് നായ്‌ക്കളെ താത്‌കാലികമായി എൻജിഒകൾ നടത്തുന്ന ഷെൽട്ടറുകളിലേക്ക് മാറ്റി. പ്രദേശത്തെ പക്ഷികളെ രക്ഷിക്കുന്നതിനായി കെട്ടിടങ്ങൾ തകർക്കുന്നതിന് തൊട്ടുമുമ്പ് ഡമ്മി സ്‌ഫോടനമോ വെടിവയ്‌പ്പോ നടത്തണമെന്ന് എൻജിഒ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു.

സ്‌ഫോടനം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സമീപത്തെ വൈദ്യുതി ബന്ധം വിഛേദിക്കുകയും പാചകവാതകത്തിന്‍റെ വിതരണം നിര്‍ത്തി വയ്‌ക്കുകയും ചെയ്‌തു. 560 ലധികം പൊലീസ് ഉദ്യോഗസ്ഥരും 100 സേനാംഗങ്ങളും നാല് ദ്രുത കര്‍മ്മസേന സംഘവും ദേശീയ ദുരന്ത നിവാരണ സേനയും പ്രദേശത്ത് ക്യാമ്പ് ചെയ്‌തിരുന്നു. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള മുന്‍കരുതലും സജ്ജീകരിച്ചിരുന്നു.

ഏകദേശം 30 മിനിറ്റോളമാണ് വ്യോമപാത അടച്ചിട്ടത്. പൊളിക്കല്‍ നടപടി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് എക്‌സ്‌പ്രസ് വേയും അടച്ചു. കെട്ടിടം പൊളിച്ചതിന് ശേഷം പൊടിപടലങ്ങള്‍ ശമിച്ചതിന് ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.

Last Updated : Aug 28, 2022, 4:02 PM IST

ABOUT THE AUTHOR

...view details