നോയിഡ:കൊച്ചിയിലെ അനധികൃത മരട് ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കി ഏകദേശം രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം, കുത്തബ് മിനാറിനേക്കാള്‍ നീളമുള്ള നോയിഡയിലെ ഇരട്ട കെട്ടിടങ്ങള്‍ ഇന്ന്(28.08.2022) ഭൂമിയോട് ചേരും. സെക്‌റ്റർ 93 എ-യില്‍ നോയിഡ-ഗ്രേറ്റർ നോയിഡ എക്‌സ്‌പ്രസ്‌വേക്ക് സമീപം സ്ഥിതി ചെയ്യുന്ന 32 നിലകളുള്ള അപെക്‌സ്, 29 നിലകളുള്ള സെയാന്‍ എന്നീ ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഉള്‍പ്പെടുന്ന ടവറുകളാണ് ഇന്ന് വെറും നിര്‍മാണ അവശിഷ്‌ടങ്ങളായി മാറുന്നത്. രാജ്യത്ത് പൊളിച്ച് നീക്കപ്പെട്ട ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതി ഇനി ഈ ഇരട്ട ടവറിനാണ്.
സൂപ്പര്‍ടെക്ക് ലിമിറ്റഡ് നിര്‍മിച്ച അപെക്‌സിന് 103 മീറ്റർ നീളവും സെയ്‌ന് 94 മീറ്റർ നീളവുമാണ്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ട് നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് നീക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് 850 ഫ്ലാറ്റുകളുള്ള ഇരട്ട കെട്ടിടങ്ങള്‍ ഇന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച് നീക്കുന്നത്. ഞായറാഴ്‌ച ഉച്ചയ്‌ക്ക് 2.30നാണ് വാട്ടര്‍ഫാള്‍ ഇംപ്ലോഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിക്കുന്നത്.
പൊളിക്കലിന് പിന്നില്‍ മരട് സംഘം:മരട് പൊളിച്ച ജോ ബ്രിങ്ക്‌മാന്‍റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കന്‍ സംഘമായ ജെറ്റ് ഡെമോളിഷനും മുംബൈ ആസ്ഥാനമായുള്ള എഡിഫൈസ് എഞ്ചിനീയറിങിനുമാണ് ഇരട്ട കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ചുമതല. ഉച്ചയ്‌ക്ക് 2 മണിക്ക്, 3,700 കിലോഗ്രാം സ്‌ഫോടക വസ്‌തുക്കൾ നിറച്ച ഇരട്ട കെട്ടിടങ്ങളിലെ അന്തിമ പരിശോധനയ്‌ക്ക് ശേഷം ആറംഗ പൊളിക്കല്‍ സംഘം ഡിറ്റണേറ്ററുമായി 100 മീറ്റർ അകലെ സ്ഥാനം പിടിക്കും. തുടര്‍ന്ന് ഡിറ്റണേറ്ററിനെ സ്‌ഫോടക വസ്‌തുക്കളുമായി ഒരു വയർ കൊണ്ട് ബന്ധിപ്പിക്കും.
നോയിഡ എക്‌സ്‌പ്രസ്‌വേ 2.15നും 2.45നും ഇടയില്‍ നിര്‍ത്തിവയ്‌ക്കും. 2.29ന് അവസാന സൈറന്‍ മുഴങ്ങിയ ശേഷം പതിനഞ്ച് സെക്കന്‍ഡില്‍ താഴെ നേരം കൊണ്ട് കെട്ടിടങ്ങള്‍ നിലം പൊത്തും. അംബരചുംബികളായ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്‌തിരുന്ന സ്ഥാനത്ത് ഏകദേശം 50,000-55,000 ടണ്‍ നിര്‍മാണ അവശിഷ്‌ടങ്ങള്‍ മാത്രം അവശേഷിക്കും.
പൊളിക്കലിന് പൂര്‍ണ സജ്ജം:കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നിടത്ത് നിന്ന് 500 മീറ്ററോളം ചുറ്റളവിലുള്ളഎക്‌സ്‌ക്ലൂഷന്‍ സോണില്‍ മനുഷ്യനെയോ മൃഗങ്ങളെയോ വാഹനങ്ങളെയോ അനുവദിക്കില്ല. കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിന്‍റെ ഭാഗമായി സമീപത്തെ അപ്പാർട്ട്‌മെന്‍റ് കോംപ്ലക്‌സുകളായ എമറാൾഡ് കോർട്ടിലെയും എടിഎസ് വില്ലേജ് സൊസൈറ്റിയിലേയും ഏകദേശം 5,000 ഓളം താമസക്കാരെ ഒഴിപ്പിക്കും. പൊളിക്കലിന് ശേഷം ബന്ധപ്പെട്ട ഏജൻസികൾ സേഫ്‌റ്റി ക്ലിയറൻസ് നല്‍കിയതിന് ശേഷം മാത്രം വൈകിട്ട് 4 മണിയോടെ ഇവരെ തിരികെ പ്രവേശിപ്പിക്കും.
മുന്‍ നിശ്ചയിച്ച പ്രകാരം കെട്ടിടങ്ങള്‍ സുരക്ഷിതമായി പൊളിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചുവെന്ന് നോയിഡ അതോറിറ്റി സിഇഒ റിതു മഹേശ്വരി അറിയിച്ചു. പ്രദേശത്ത് നിന്ന് 5,000 പേരെ ഒഴിപ്പിക്കുന്നതിന് പുറമേ ഏകദേശം 3,000 വാഹനങ്ങളും മാറ്റും. സമീപത്തുള്ള കെട്ടിടങ്ങൾക്ക് ഘടനാപരമായ കേടുപാടുകൾ സംഭവിക്കാത്ത വിധത്തിലായിരിക്കും കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുകയെന്നും അധികൃതർ വ്യക്തമാക്കി.