ന്യൂഡൽഹി : പാസ്‌പോർട്ടിനായുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപേക്ഷ ഡൽഹി കോടതി ഭാഗികമായി അനുവദിച്ചു. പാസ്‌പോർട്ടിന് മൂന്ന് വർഷത്തേക്കുള്ള നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റാണ് ഡൽഹി കോടതി നൽകിയത്. പാർലമെന്‍റ് അംഗമെന്ന നിലയിൽ അയോഗ്യനാക്കപ്പെട്ടതിന് ശേഷം ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് സമർപ്പിക്കേണ്ടി വന്നതിനാലാണ് രാഹുൽ ഗാന്ധി സാധാരണ പാസ്‌പോർട്ടിന് അപേക്ഷിച്ചത്.
10 വർഷത്തേക്ക് എൻഒസി നൽകണമെന്നായിരുന്നു രാഹുലിന്‍റെ ആവശ്യം. എന്നാൽ നാഷണൽ ഹെറാൾഡ് കേസിന്‍റെ തുടർ നടപടികളെ അത് ബാധിക്കുമെന്ന് പരാതിക്കാരനായ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി എതിർപ്പറിയിച്ചു. ഇന്ന് രാവിലെ നടന്ന കോടതി നടപടികളിൽ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് വൈഭവ് മേത്ത ഇരുഭാഗത്തിന്‍റെയും വാദം കേട്ട ശേഷമാണ് വിധി അറിയിച്ചത്.
also read :'പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്‌ട്രപതി'; കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
ഹർജിയിൽ എതിർപ്പുമായി സുബ്രഹ്മണ്യൻ സ്വാമി : രാഹുലിന്‍റെ ആവശ്യത്തെ എതിർത്ത ബിജെപി നേതാവ് 10 വർഷത്തേക്ക് പാസ്‌പോർട്ട് അനുവദിക്കുന്നതിന് മെറിറ്റ് ഇല്ലെന്ന് വാദിക്കുകയും ഒരു വർഷത്തേക്ക് മാത്രമേ നൽകാവൂ എന്നും തുടർന്ന് ഓരോ വർഷവും പുതുക്കുന്നതാണ് അനുയോജ്യമെന്ന് നിർദേശിക്കുകയും ചെയ്‌തു. മുൻപ് ബ്രിട്ടീഷ് പൗരത്വം ഉണ്ടായിരുന്ന രാഹുൽ ഗാന്ധിയുടെ പൗരത്വത്തെ കുറിച്ചും സ്വാമി ആശങ്ക ഉന്നയിച്ചു. എന്നാൽ പൗരത്വത്തെ കുറിച്ചുള്ള രണ്ട് ഹർജികൾ ഇതിനകം മേൽക്കോടതി തള്ളിയതാണെന്ന് രാഹുലിന്‍റെ അഭിഭാഷകനായ തരണ്ണും ചീമ പ്രസ്‌താവിച്ചു.
കൂടാതെ ഇതിലും ഗുരുതരമായ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ പോലും സമാനമായ കാലാവധിയിൽ ഇളവ് അനുവദിച്ചതിനാൽ പത്ത് വർഷത്തേക്ക് പാസ്‌പോർട്ട് നൽകണമെന്ന് ചീമ വാദിച്ചു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ സുബ്രഹ്മണ്യ സ്വാമി നൽകിയ സ്വകാര്യ ക്രിമിനൽ പരാതിയെ സംബന്ധിച്ചതാണ് നാഷണൽ ഹെറാൾഡ് കേസ്. വഞ്ചന, ഗൂഢാലോചന, വിശ്വാസ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് പരാതിയിൽ ആരോപിക്കുന്നത്.
ഉദ്‌ഘാടകനാകേണ്ടത് പ്രധാനമന്ത്രിയല്ലെന്ന് രാഹുൽ :പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനത്തെ രാഹുൽ ഗാന്ധി അടുത്തിടെ രൂക്ഷമായി വിമർശിച്ചിരുന്നു. പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്‌ട്രപതിയാണെന്നും പ്രധാനമന്ത്രി അല്ലെന്നുമായിരുന്നു രാഹുലിന്‍റെ വിമർശനം. മെയ് 28 നാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനം. എന്നാൽ രാഷ്‌ട്രപതിയുടെ അസാന്നിധ്യത്തിൽ ചടങ്ങ് ബഹിഷ്‌കരിക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ അറിയിച്ചിട്ടുള്ളത്. രാജ്യത്തെ കെട്ടിപ്പടുത്തവരെ അപമാനിക്കുന്നതിന് തുല്യമെന്നായിരുന്നു വിഷയത്തിൽ കോൺഗ്രസ് അഭിപ്രായപ്പെട്ടത്.
also read :'കോൺഗ്രസിന്‍റെ കാലത്ത് അമേഠിയിൽ ഒരു വികസനവും ഉണ്ടായിട്ടില്ല'; സ്‌മൃതി ഇറാനി
രാഹുലിനെ വിമർശിച്ച് സ്‌മൃതി :അതേസമയം രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് വയനാട്ടിലേക്കെത്താൻ കാരണം കോൺഗ്രസിന്‍റെ കാലത്ത് അമേഠിയിൽ വികസനമില്ലാതിരുന്നതുകൊണ്ടാണെന്ന് സ്‌മൃതി ഇറാനി വിമർശിച്ചിരുന്നു. മോദി സർക്കാരാണ് ജനങ്ങൾക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കിയതെന്നും തോൽവിയെ ഭയന്നാണ് രാഹുൽ വയനാട്ടിലേക്ക് പോയതെന്നും സ്‌മൃതി പറഞ്ഞു.