ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും തമ്മിലുള്ള കൂടിക്കാഴ്‌ചയിൽ സില്‍വര്‍ലൈന്‍ പദ്ധതി ചര്‍ച്ചയായില്ല. പദ്ധതി സംബന്ധിച്ച സാങ്കേതിക വിവരങ്ങൾ കർണാടകയ്ക്ക് കൈമാറാത്തതിനാലാണ് ചർച്ചയാകാതിരുന്നതെന്നാണ് വിവരം. കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചർച്ച ഒരു മണിക്കൂറോളം നീണ്ടു.
പിണറായി-ബൊമ്മെ കൂടിക്കാഴ്‌ചയുടെ ദൃശ്യം മൈസൂർ-മലപ്പുറം ദേശീയപാതയ്ക്ക് തത്വത്തിൽ ധാരണയായെന്നും വിവരമുണ്ട്. സിൽവർലൈൻ ഉൾപ്പെടെ റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാൻ ദക്ഷിണ മേഖല കൗൺസിൽ യോഗത്തിൽ കേരളവും കർണാടകയും തമ്മില്‍ ധാരണയായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകത്തിലെത്തിയത്.
എന്നാല്‍ സാങ്കേതിക വിവരങ്ങള്‍ കൈമാറാത്തതിനാല്‍ ഇതു സംബന്ധിച്ച ചര്‍ച്ച നടന്നില്ലെന്നാണ് വിശദീകരണം. തലശ്ശേരി-മൈസൂർ റെയിൽലൈൻ ചർച്ച ചെയ്‌തുവെന്നാണ് വിവരം. പരിസ്ഥിതി പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് നിലമ്പൂര്‍ നഞ്ചന്‍കോട് പദ്ധതിയില്‍ തീരുമാനമായില്ലെന്നും സൂചനയുണ്ട്. കാഞ്ഞങ്ങാട് കാണിയൂർ റെയിൽപാതയ്ക്ക് ധാരണയായി.
Read More:ബസവരാജ് ബൊമ്മൈയുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി
അതേസമയം കർണാടകയിലെ ബാഗേപളളിയിൽ സിപിഎം സംഘടിപ്പിക്കുന്ന മഹാറാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ പ്രവർത്തനങ്ങളുടെ തുടക്കം എന്ന നിലയിലാണ് സിപിഎം മഹാറാലി സംഘപ്പിക്കുന്നത്. പിബി അംഗങ്ങളായ എംഎ ബേബി, ബിവി രാഘവലു, കർണാടക സംസ്ഥാന സെക്രട്ടറി യു ബസവരാജ് എന്നിവരും റാലിയിൽ പങ്കെടുക്കുന്നുണ്ട്.