ബെംഗളൂരു : സന്തോഷകരമായ ദാമ്പത്യ ജീവിതം തല്ലിത്തകർത്തു എന്ന് കാട്ടി ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകി പെണ്‍കുട്ടി. ബെംഗളൂരു നഗരത്തില്‍ താമസക്കാരിയായ 21 കാരിയാണ് ഭർത്താവിനെതിരെ പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മാസങ്ങളായി ശാരീരിക ബന്ധത്തിന് പോലും ഭർത്താവ് തയ്യാറാകുന്നില്ലെന്നും ഭർത്താവിനൊപ്പമുള്ള ജീവിതത്തിൽ താൻ ഒട്ടും സന്തുഷ്‌ടയല്ലെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.
സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാനുള്ള തന്‍റെ എല്ലാ സ്വപ്‌നങ്ങളും ഭർത്താവ് ഇതിനകം തല്ലിത്തകർത്തു. ഭർത്താവ് അനാവശ്യമായി ദേഷ്യപ്പെടുന്ന സ്വഭാവക്കാരനാണ്. അതിനാൽ തന്നെ ചെറിയ കാര്യങ്ങൾക്ക് പോലും തന്നോട് വഴക്ക് കൂടുന്നതും പതിവാണ്. ഭർത്താവിനോട് താൻ സ്‌നേഹത്തോടെ സംസാരിച്ചാൽ പോലും മറുപടിയായി ശകാരമാണ് ലഭിക്കാറുള്ളത്.
കൂടാതെ പരസ്‌പര സമ്മതത്തോടെയുള്ള വിവാഹ മോചന കത്തിൽ ഒപ്പിടാൻ ഭർത്താവ് തയ്യാറാകുന്നില്ലെന്നും യുവതി പരാതിയിൽ പറയുന്നു. ഒരു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. യുവതി മാണ്ഡ്യ ജില്ലയിൽ നിന്നും ഭർത്താവ് ഹാസൻ ജില്ലയിൽ നിന്നുമുള്ളതാണ്. അതേസമയം യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പരപ്പന അഗ്രഹാര പൊലീസ് അറിയിച്ചു.
ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരത : കഴിഞ്ഞ മാസം അലഹബാദ് ഹൈക്കോടതി വാരാണസിയിൽ നിന്നുള്ള ദമ്പതികൾക്ക് ലൈംഗിക ഉദാസീനതയിൽ ഏർപ്പെട്ടതിനെത്തുടർന്ന് വിവാഹ മോചനം അനുവദിച്ചിരുന്നു. ഒരു അടിസ്ഥാനവുമില്ലാതെ വളരെക്കാലം ജീവിതപങ്കാളിയുമായുള്ള ലൈംഗികബന്ധം നിഷേധിക്കുന്നത് മാനസിക ക്രൂരതയ്‌ക്ക് തുല്യമാണ് എന്ന പ്രസ്‌താവനയോടെയാണ് കോടതി വിവാഹ മോചനം അനുവദിച്ചത്.