ലഖ്‌നൗ:ബന്ധപ്പെട്ട പ്രാദേശിക അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ സംസ്ഥാനത്ത് മതപരമായ ഘോഷയാത്രകൾ പാടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ. അതേസമയം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഉച്ചഭാഷിണി ഉപയോഗിക്കാമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അനുമതി തേടുമ്പോൾ, സമാധാനവും ഐക്യവും നിലനിർത്തുന്നത് സംബന്ധിച്ച് സംഘാടകനിൽ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു.
പരമ്പരാഗതമായി നടത്തിവരുന്ന മതപരമായ ഘോഷയാത്രകൾക്ക് മാത്രമേ അനുമതി നൽകാവൂ എന്നും പുതിയ പരിപാടികൾക്ക് അനാവശ്യമായി അനുമതി നൽകരുതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. അടുത്ത മാസം ഈദ്, അക്ഷയ തൃതീയ ആഘോഷങ്ങൾ നടക്കാനിരിക്കവേയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലെ ജഹാംഗീർപുരിയിലും മധ്യപ്രദേശിലെ ഖർഗോണിലും നടന്ന വർഗീയ കലാപങ്ങളുടെ പശ്ചാത്തലത്തിലാണ് യുപി സർക്കാരിന്‍റെ തീരുമാനം.