ബെംഗളൂരു: കർണാടക ബിജെപിയിൽ പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. കർണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രതികരണം.
വിവാദ പ്രസ്താവന നടത്തിയ പാർട്ടി നേതാവ് എച്ച് വിശ്വനാഥിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ബിജെപി ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. ഇളയ മകനും പാർട്ടി വൈസ് പ്രസിഡന്‍റുമായ ബിവൈ വിജയേന്ദ്രയ്‌ക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബിഎസ് യെദ്യൂരപ്പ കൂട്ടിച്ചേർത്തു.
" സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിയില്ല. ഒന്നോ രണ്ടോ ആളുകൾ മാധ്യമങ്ങളിൽ എന്തെങ്കിലും പറയുന്നതുകൊണ്ടാണ് തെറ്റിദ്ധാരണ ഉണ്ടാകുന്നത്. ഈ ഒന്നോ രണ്ടോ ആളുകൾ തനിക്കെതിരെ സംസാരിക്കുന്നത് ആദ്യമായിട്ടല്ല. അവർ തുടക്കം മുതൽ തന്നെ ഇത് ചെയ്യുന്നു. അതിനാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കപ്പെടുന്നു", യെദ്യൂരപ്പ പറഞ്ഞു.
ചർച്ചകൾക്കായി അരുൺ സിംഗ്
അറുപതോളം നിയമസഭാംഗങ്ങൾ ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിനെ വ്യാഴാഴ്ച സന്ദർശിച്ചിട്ടുണ്ട്. എന്നാൽ വിവാദ പ്രസ്താവന നടത്തുന്ന ആരും അരുൺ സിംഗിനെ കണ്ടിട്ടില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.