കൊവിഡ് ഉയര്‍ത്തുന്ന വെല്ലുവിളി പോലെ തന്നെ ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് രോഗമുക്തി നേടിയവരില്‍ ഉണ്ടാകുന്ന കൊവിഡാനന്തര പ്രശ്‌നങ്ങള്‍. കൊവിഡ് നെഗറ്റീവായ ശേഷവും കൊവിഡിന്‍റെ പ്രത്യാഘാതങ്ങള്‍ ആഴ്‌ചകള്‍ മുതല്‍ മാസങ്ങള്‍ വരെ നീണ്ടുനില്‍ക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരിക്കല്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ മുടി കൊഴിച്ചല്‍ മുതല്‍ ശ്വാസം തടസവും പേശി വേദനയും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് സാധാരണയായി കാണപ്പെടുന്നത്.
കൊവിഡാനന്തര പ്രശ്‌നങ്ങളെ ഗൗരവമായി കാണണോ?
അമേരിക്കയിലെ സെന്‍റര്‍സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍ നല്‍കുന്ന നിര്‍വചനമനുസരിച്ച്, കൊവിഡ് ബാധിച്ച് ആഴ്‌ചകളോ മാസങ്ങളോ നീണ്ടുനിൽക്കുന്നതോ അല്ലെങ്കില്‍ രോഗബാധയുണ്ടായി ആഴ്‌ചകൾക്ക് ശേഷം പ്രത്യക്ഷപ്പെടുന്നതോ ആയ രോഗലക്ഷണങ്ങളെയാണ് ലോങ് കൊവിഡ് (long covid) എന്ന് പറയുന്നത്. നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരോ അല്ലെങ്കിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവരോ ആയവര്‍ക്കും കൊവിഡാനന്തര പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടേക്കാം.
50ലധികം ദീർഘകാല കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. കൊവിഡ് ഗുരുതരമായി ബാധിച്ചതിന് ശേഷം നാല് മുതൽ 12 ആഴ്‌ചകൾക്കുള്ളിൽ അനുഭവപ്പെടുന്ന തലവേദന, ക്ഷീണം, ഉറക്കത്തിനിടെയുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, ഏകാഗ്രതയില്ലാത്ത അവസ്ഥ, വയറുവേദന എന്നിവയാണ് കൊവിഡ് രോഗമുക്തരായവരില്‍ സാധാരണയായി കണ്ടുവരുന്ന കൊവിഡാനന്തര പ്രശ്‌നങ്ങള്‍.
നേരിയ രോഗലക്ഷണങ്ങള്‍ മാത്രം പ്രകടമായ കേസുകളിലും ദീർഘകാല കൊവിഡാനന്തര പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. SARS-CoV-2 പിടിപെട്ട ഏഴ് കുട്ടികളിൽ ഒരാൾക്കും യുവജനങ്ങള്‍ക്കും ഏകദേശം മൂന്ന് മാസത്തിന് ശേഷവും വൈറസുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടാകാമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാല്‍ ഒമിക്രോണിനൊപ്പം കൊവിഡാനന്തര പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്ന അപകടസാധ്യത ഇതുവരെയും ഗൗരവകരമായി എടുത്തിട്ടില്ല. കൃത്യമായ വിവരങ്ങളുടെ അഭാവമാണ് ഇതിന്‍റെ പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടികാട്ടുന്നത്.
ഒമിക്രോണ്‍ രോഗികളിലും കൊവിഡാനന്തര പ്രശ്‌നങ്ങള്‍?
അടുത്തിടെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു പുതിയ വകഭേദത്തിന്‍റെ (ഉദാഹരണത്തിന് ഒമിക്രോണ്‍) കൊവിഡാനന്തര പ്രത്യാഘാതങ്ങള്‍ എന്താണെന്ന് ഇപ്പോള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. കടുത്ത ക്ഷീണവും പേശി വേദനയുമാണ് രോഗികളില്‍ പ്രധാന ലക്ഷണങ്ങളായി കാണപ്പെടുന്നത്. കൊവിഡാനന്തര പ്രശ്‌നങ്ങളും ഇവര്‍ക്ക് നേരിടേണ്ടിവരുമെന്ന് മുംബൈയിലെ പിഡി ഹിന്ദുജ ഹോസ്‌പിറ്റലിലെയും എംആർസിയിലെയും കൺസൾട്ടന്‍റ് പൾമണോളജിസ്റ്റും എപ്പിഡെമിയോളജിസ്റ്റുമായ ലാൻസ്‌ലോട്ട് പിന്‍റോ പറഞ്ഞു.
നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണെങ്കില്‍ പോലും ഒമിക്രോണിനൊപ്പം കൊവിഡാനന്തര പ്രശ്‌നങ്ങള്‍ കൂടിയാകുമ്പോള്‍ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഡെൽറ്റയിലോ ആൽഫയിലോ റിപ്പോർട്ട് ചെയ്‌തതിനേക്കാൾ കുറവാണെന്നതിന് അർഥമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരിയ രോഗലക്ഷണങ്ങള്‍ മാത്രം അനുഭവപ്പെട്ട ഒമിക്രോണ്‍ രോഗികളില്‍ ദീർഘകാല കൊവിഡാനന്തര പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസിലെ മുൻനിര പകർച്ചവ്യാധി വിദഗ്‌ധന്‍ ആന്‍റണി ഫൗസി പറയുന്നു. 'ഏത് വകഭേദമാണ് സ്ഥിരീകരിക്കുന്നതെങ്കിലും കൊവിഡാനന്തര പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഡെൽറ്റയോ ബീറ്റയോ ഒമിക്രോണോ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെന്നതിന് തെളിവുകളൊന്നുമില്ല,' ഫൗസി പറഞ്ഞു.
രോഗലക്ഷണങ്ങളോട് കൂടിയ അണുബാധ ഉണ്ടാകുമ്പോൾ 10 മുതൽ 30 വരെ ശതമാനം ആളുകൾക്ക് രോഗലക്ഷണങ്ങൾ ശരീരത്തില്‍ തുടരാനാണ് സാധ്യത. നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരിലും ഇത് സംഭവിക്കുന്നു. കൊവിഡ് രോഗബാധക്ക്, നേരിയ ലക്ഷണമുള്ളതാണെങ്കില്‍ പോലും, പ്രാരംഭ അണുബാധയെക്കാളും രോഗമുക്തിയേക്കാളും കൂടുതല്‍ കാലം ശരീരത്തില്‍ രോഗ പ്രതിരോധശേഷി ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ലോസ് ഏഞ്ചൽസിലെ സെഡാർസ്-സിനായ് മെഡിക്കൽ സെന്‍റര്‍ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്. നേരിയതോ രോഗലക്ഷണങ്ങളില്ലാത്തതോ ആയ കൊവിഡ് രോഗികളുടെ ശരീരത്തില്‍ ഓട്ടോ ആന്‍റിബോഡികളുടെ ഉയര്‍ന്ന തോതിലുള്ള സാന്നിധ്യമുണ്ടാകുന്നുവെന്നും പഠനം പറയുന്നു.