ബെംഗളൂരു :സ്കൂളുകള്‍ മതാചാര കേന്ദ്രങ്ങളല്ലെന്നും ഇവിടെകാവിഷാളും ഹിജാബും (ശിരോവസ്ത്രം) വേണ്ടെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ആരഗ ജ്ഞാനേന്ദ്ര. സ്കൂൾ മതപരമായ ആചരണത്തിനുള്ളതല്ല, കുട്ടികൾ അവരുടെ മതാചാരങ്ങള്‍ നടത്താന്‍ സ്കൂളിൽ വരരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉഡുപ്പിയിൽ ഹിജാബ് സംബന്ധിച്ച വിവാദം നിലനില്‍ക്കുന്നതിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം.
ചൊവ്വാഴ്ച ഗവ. എംവി ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളജിലെ ഒരുകൂട്ടം വിദ്യാർഥികൾ കാവി ഷാൾ ധരിച്ച് കോളജില്‍ എത്തിയിരുന്നു. ഭരണകൂടം ഹിജാബ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ സ്ഥാപനത്തിലെത്തിയത്.
Also Read: എന്‍റെ അവകാശത്തില്‍ കൈകടത്താന്‍ നിങ്ങളാരാണ്; രാഹുലിനെ കടുത്ത ഭാഷയില്‍ ശാസിച്ച് സ്പീക്കര്‍ ഓം ബിര്‍ള
മതപരമായ ആചാരങ്ങള്‍ക്ക് പള്ളികളും ക്ഷേത്രങ്ങളുമുണ്ട്. അവിടെ ഇതെല്ലാം ചെയ്യാന്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. നാമെല്ലാം ഭാരതമാതാവിന്‍റെ മക്കളാണെന്ന ബോധമാണ് കുട്ടികളില്‍ ഉണ്ടാകേണ്ടത്. സ്കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടത് രാജ്യത്തിന്‍റെ ഐക്യത്തിന് വേണ്ടിയാകണം.
പ്രശ്നങ്ങള്‍ സര്‍ക്കാര്‍ പഠിക്കുകയാണ്. ചില സംഘടനകളെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. സ്‌കൂൾ പരിസരത്ത് ഹിജാബ് അല്ലെങ്കിൽ പച്ച ഷാൾ, കാവി ഷാൾ എന്നിവ ധരിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്കൂള്‍ ഭരണകൂടം ഇത് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.