ന്യൂഡൽഹി: ചർച്ചകളിലൂടെയും രാഷ്‌ട്രീയ പരിശ്രമങ്ങളിലൂടെയും അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യയുടെ ക്ഷമയെ ആരും പരീക്ഷിക്കരുതെന്നും കരസേനാ മേധാവി ജനറൽ എം എം നരവാനെ . രാജ്യം കരസേന ദിനം ആഘോഷിക്കുന്ന വേളയിൽ ചൈനയുമായുള്ള അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാൽവാനിൽ വീരമൃത്യു വരിച്ച ജവാൻമാരുടെ ത്യാഗം പാഴാകില്ലെന്ന് രാജ്യത്തിന് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഒരു ദോഷവും വരുത്താൻ ഇന്ത്യൻ സൈന്യം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020 ജൂൺ 15 ന് ഗാൽവാൻ വാലിയിലുണ്ടായ ഏറ്റുമുട്ടലിൽ 20 സൈനികരാണ് വീരമൃത്യു വരിച്ചത്.
ഇന്ത്യൻ സൈന്യത്തിന്‍റെ ക്ഷമ ആരും പരീക്ഷിക്കരുതെന്ന് കരസേനാ മേധാവി - Army day
രാജ്യത്തിന്‍റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഒരു ദോഷവും വരുത്താൻ ഇന്ത്യൻ സൈന്യം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പതിറ്റാണ്ടുകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റവും ഗുരുതരമായ സൈനിക സംഘട്ടനത്തെ അടയാളപ്പെടുത്തിയ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം ചൈന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ എട്ട് തവണ സൈനിക ചർച്ചകൾ നടത്തിയതായും അദ്ദേഹം പറഞ്ഞു. ചർച്ചകളിലൂടെ തർക്കം പരിഹരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത് .എന്നാൽ ഇന്ത്യയുടെ ക്ഷമയെ പരീക്ഷിക്കുന്ന വിധമാണ് പാകിസ്ഥാനും ചൈനയും പ്രവർത്തിക്കുന്നതെന്നും നരവനെ കൂട്ടിച്ചേർത്തു.