ന്യൂഡല്‍ഹി:ടെസ്‌ല ഇലക്ട്രിക് കാര്‍ നിര്‍മാതാക്കള്‍ക്കുള്ള ആനുകൂല്യം വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നടെസ്‌ലയുടെ ഇലക്ട്രിക് കാര്‍ നിര്‍മിക്കുന്നത് ചൈനയിലാണ്. ഇന്ത്യന്‍ മാര്‍ക്കറ്റും സര്‍ക്കാര്‍ ആനുകൂല്യങ്ങളും കൈപ്പറ്റി ലാഭം കൊയ്യുന്ന കമ്പനി എന്തുകൊണ്ട് രാജ്യത്ത് നിര്‍മിക്കുന്നില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ ചോദ്യം.
കമ്പനി നിര്‍മാണം ആരംഭിച്ചാല്‍ രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കും. എന്നാല്‍ ഇതിന് കമ്പനി തയ്യാറാകുന്നില്ലെന്നും കേന്ദ്ര മന്ത്രി കൃഷ്ണ പാല്‍ ഗുജ്ജാര്‍ ലോക്സഭയെ അറിയിച്ചു. അതിനാല്‍ തന്നെ കമ്പനിക്ക് രാജ്യത്ത് ഒരു തരത്തിലുമുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് വിദേശ കമ്പനികളോട് സ്വീകരിക്കേണ്ട നയത്തില്‍ വ്യക്തമായ ധാരണയുണ്ട്. അതിനാല്‍ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കുന്ന നികുതി ഇളവും സബ്സിഡികളും തുടര്‍ന്ന് നല്‍കില്ല.
Also Read: ഇന്ത്യയില്‍ നിരവധി വെല്ലുവിളികളെന്ന് ടെസ്‌ല
അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ലക്ക് എന്ത് ആനുകൂല്യമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന ശിവസേന അംഗം വിനായക് ഭൗറോ റൗട്ടിന്‍റെ ചോദ്യത്തിന് സഭയില്‍ മുറുപടി പറയുകയായിരുന്നു മന്ത്രി. ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്കുള്ള ഒരു സ്കീമിലും കമ്പനി ഉള്‍പ്പെട്ടിട്ടില്ല. നമ്മുടെ രാജ്യത്തെ വിപണി ലാഭം ടെസ്‌ല ചൂഷണം ചെയ്യുകയാണ്. ചൈനയില്‍ വാഹനം നിര്‍മിക്കുന്ന കമ്പനി അവിടെ നൂറ് കണക്കിന് തൊഴിലവസരങ്ങളാണ് നല്‍കുന്നത്. ഇതില്‍ ഒരാള്‍പോലും ഇന്ത്യക്കാരനില്ലെന്നും അദ്ദേഹം ആരോപിച്ചു.
Also Read: ഇ-വാഹനങ്ങൾക്ക് നികുതി ഇളവ്; ടെസ്‌ലയോട് നിർമാണ പദ്ധതികൾ ആരാഞ്ഞ് ഇന്ത്യ
രാജ്യത്ത് ഇലക്ട്രിക്/ഹൈബ്രിഡ് വാഹനങ്ങൾ (ഇ.വി) നിര്‍മക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി 2015-ൽ കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ സ്കീമുകള്‍ അവതരിപ്പിച്ചിരുന്നു. ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ (എഫ്.എ.എം.ഇ ഇന്ത്യ) സ്കീം, ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് എന്നിവയാണ് ഇതില്‍ പ്രധാനം. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രിക്ക് വാഹനങ്ങള്‍ രാജ്യം പ്രോത്സാഹിപ്പിക്കുന്നത്.
10,000 കോടി ബജറ്റിലും ഇതിനായി വകയിരുത്തി. എഫ്.എ.എം.ഇ ഇന്ത്യ സ്കീമിന്‍റെ രണ്ടാം ഘട്ടമാണ് രാജ്യത്ത് നിലവില്‍ പ്രവര്‍ത്തികുന്നത്. കൂടാതെ ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജറുകൾ/ചാർജിങ് സ്റ്റേഷനുകളിൽ എന്നിവയ്ക്ക് നികുതി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായും കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു.