തേസ്‌പൂർ: തങ്ങള്‍ക്ക് വേണ്ടത് മന്‍ കി ബാത്തല്ല, 'മണിപ്പൂര്‍ കി ബാത്താ'ണെന്ന ആവശ്യവുമായി 11കാരിയായ പരിസ്ഥിതി പ്രവർത്തക ലിസിപ്രിയ കാങ്ങൂജം (Licypriya Kangujam). മണിപ്പൂര്‍ സ്വദേശിനിയായ മെയ്‌തി വിഭാഗത്തില്‍പ്പെട്ട ലിസിപ്രിയ ട്വീറ്റിലൂടെയാണ് ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടത്. തങ്ങൾ അക്ഷരാർഥത്തിൽ മരിച്ചുവീഴുകയാണെന്നും പ്രധാനമന്ത്രി ഇടപെടണമെന്നും 11കാരി ആവശ്യപ്പെട്ടു.
'പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജി. ഞങ്ങൾക്ക് നിങ്ങളുടെ മന്‍കി ബാത്ത് കേൾക്കാൻ താത്‌പര്യമില്ല. മണിപ്പൂര്‍ കി ബാത്ത് കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ അക്ഷരാർഥത്തിൽ മരിച്ചുവീഴുകയാണ്. മണിപ്പൂരിൽ സംഘർഷങ്ങള്‍ നടന്നുകൊണ്ടിരിക്കവെ സംസ്ഥാനത്തെ തകർക്കാൻ ബാഹ്യശക്തികൾ ശ്രമിക്കുന്നു. ഇതിനിടെ പ്രതിഷേധത്തിലൂടെ മണിപ്പൂര്‍ ജനതയെ ഒന്നിപ്പിച്ചതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി.'- ലിസിപ്രിയ പരിഹസിച്ചു.
ഇംഫാലിലെ പ്രതിഷേധത്തില്‍ ജനലക്ഷങ്ങള്‍:മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് ഇംഫാലിൽ നടന്ന പ്രതിഷേധത്തിൽ മൂന്ന് ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തതായി മറ്റൊരു ട്വീറ്റിൽ ലിസിപ്രിയ പറഞ്ഞു. 'മണിപ്പൂരിനെ തകർക്കാനുള്ള നീക്കത്തിനെതിരെ ഇംഫാലിൽ വൻ പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്. മൂന്ന് ലക്ഷത്തിലധികം ആളുകളാണ് അതിൽ പങ്കുചേർന്നത്. മണിപ്പൂർ ഒറ്റക്കെട്ടാണ്. ഞങ്ങളെ ഒന്നിപ്പിച്ചതിന് നന്ദി, നരേന്ദ്ര മോദി ജി' - ലിസിപ്രിയ പരിഹസിച്ചുകൊണ്ട് എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു.
അതേസമയം, രാഷ്‌ട്രീയ നേതാക്കളുടെ മണിപ്പൂര്‍ സന്ദര്‍ശനത്തേയും യുവ ആക്‌ടിവിസ്റ്റ് വിമര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഷ്‌ട്രീയ നേതാക്കള്‍ നടത്തുന്ന സന്ദര്‍ശനം സോഷ്യൽ മീഡിയയിലൂടെയുള്ള പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിക്കുകയാണെന്ന് ലിസിപ്രിയ ആരോപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ ആളുകളുടെ ഫോട്ടോകള്‍ വ്യാപകമായി രാഷ്‌ട്രീയ നേതാക്കള്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഉപയോഗിക്കുന്നു. രാഷ്‌ട്രീയ രംഗത്തുള്ളവരുടെ മണിപ്പൂര്‍ സന്ദര്‍ശനം കലാപത്തെ ഇല്ലായ്‌മ ചെയ്യാന്‍ ഇടയാക്കുന്നില്ലെന്നും ലിസിപ്രിയ ആരോപിച്ചു.