ന്യൂഡൽഹി :അവിവാഹിതനായി മരിച്ച പുരുഷന്‍റെ ശീതീകരിച്ച ശുക്ല സാമ്പിൾ മാതാപിതാക്കൾക്കോ നിയമപരമായ അവകാശികൾക്കോ വിട്ടുനൽകാൻ രാജ്യത്ത് നിയമമില്ലെന്ന് ഡൽഹി ഹൈക്കോടതി. ഗംഗാ റാം ആശുപത്രിയുടെ ഒരു കേന്ദ്രത്തിൽ നിന്ന് മരിച്ച മകന്റെ, ശീതീകരിച്ച് സൂക്ഷിച്ച ശുക്ല സാമ്പിൾ വിട്ടുനൽകാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്.
കേന്ദ്രസർക്കാരിന്റെ ഗസറ്റിലെ എആർടി ചട്ടങ്ങളിൽ മരിച്ച അവിവാഹിതനായ ഒരാളുടെ ശുക്ല സാമ്പിൾ നീക്കം ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ ഉള്ള നടപടിക്രമം വ്യക്തമാക്കുന്നില്ലെന്നാണ് സർ ഗംഗാറാം ആശുപത്രി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം.
ഹർജിയിൽ കഴിഞ്ഞ ഡിസംബറിൽ ആശുപത്രിയോടും ഡൽഹി സർക്കാരിനോടും ഹൈക്കോടതി നിലപാട് ആരാഞ്ഞിരുന്നു. മാർഗരേഖയുടെ അഭാവത്തിൽ മരിച്ചയാളുടെ ശീതീകരിച്ച ശുക്ല സാമ്പിൾ നല്‍കാന്‍ കഴിയില്ലെന്നാണ് ആശുപത്രിയുടെ വാദം. ഐസിഎംആര്‍ മാർഗനിർദേശങ്ങൾ, വാടക ഗർഭധാരണ ബിൽ/ നിയമം എന്നിവ അവിവാഹിതരായി മരിച്ച പുരുഷൻമാരുടെ നിയമപരമായ അവകാശികളെ കുറിച്ച് പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.