ന്യൂഡൽഹി : 2023ലെ വനിത ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ നീതു ഗൻഗാസാണ് സ്വര്‍ണം നേടിയത്. മംഗോളിയയുടെ ലുത്‌സൈഖാൻ അൽതാൻസെറ്റ്‌സെഗിനെയാണ് കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് കൂടിയായ നീതു ഗൻഗാസ് കീഴടക്കിയത്. 5-0 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ വിജയം.
ഫൈനലില്‍ മംഗോളിയ താരത്തിനെ ഒന്ന് പൊരുതാന്‍ പോലും അനുവദിക്കാതെയാണ് നീതു ഇടിച്ചിട്ടത്. വിജയത്തോടെ ലോക ചാമ്പ്യൻ പട്ടം നേടുന്ന ആറാമത്തെ ഇന്ത്യൻ വനിത ബോക്‌സറായി നിതു ഗൻഗാസ് മാറി. മേരി കോം (2002, 2005, 2006, 2008, 2010, 2018), സരിത ദേവി (2006), ജെന്നി (2006), ലേഖ (2006), നിഖാത് സരിന്‍(2022) എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങൾ.