പട്‌ന : വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്ന് മത്സരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ആവര്‍ത്തിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഒന്നിച്ച് പോരാടിയാല്‍ ബിജെപി 100 സീറ്റിൽ താഴേക്ക് കൂപ്പുകുത്തും. ഇതിനായി കോൺഗ്രസ് മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
'ഒന്നിച്ച് മത്സരിച്ചാല്‍ ബിജെപി 100 സീറ്റില്‍ താഴെയെത്തും'; കോണ്‍ഗ്രസ് തീരുമാനമെടുക്കണമെന്ന് നിതീഷ് കുമാർ - കോണ്‍ഗ്രസിന് നിര്‍ദേശവുമായി നിതീഷ് കുമാര്‍
2024ല്‍ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിച്ച് ബിജെപിയെ കേന്ദ്ര ഭരണത്തില്‍ നിന്നും താഴെ ഇറക്കാനാണ് നിതീഷ് കുമാറിന്‍റെ നിര്‍ദേശം
സിപിഐഎം(എല്‍)ന്‍റെ 11ാം ജനറൽ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി. 'കോൺഗ്രസ്, ഇക്കാര്യത്തില്‍ വേഗത്തിൽ തീരുമാനമെടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ എന്‍റെ ഈ നിർദേശം സ്വീകരിച്ച് പ്രതിപക്ഷം ഒന്നിച്ച് പോരാടണം. അങ്ങനെയെങ്കില്‍ ബിജെപി 100 സീറ്റിൽ താഴേക്ക് പതിക്കും. എന്‍റെ ഈ നിർദേശം സ്വീകരിച്ചില്ലെങ്കിൽ, എന്ത് സംഭവിക്കുമെന്ന കാര്യം നമുക്ക് അറിയാം. 2024ലെ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് പാർട്ടി തീരുമാനമെടുക്കാന്‍ കാത്തിരിക്കുകയാണ്.'- നിതീഷ് വ്യക്തമാക്കി.
നേരത്തേ നിരവധി തവണയാണ് ഇതേക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞത്. ഭാരത് ജോഡോ യാത്ര അവസാനിക്കുന്നതിന്‍റെ തൊട്ടുമുന്‍പും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. പ്രതിപക്ഷം ഒന്നിച്ചുമത്സരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ രാഹുലിന്‍റെ യാത്ര അവസാനിക്കാന്‍ കാത്തിരിക്കുന്നു എന്നായിരുന്നു അടുത്തിടെ അദ്ദേഹം പറഞ്ഞത്.