പട്‌ന :ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഭാത സവാരി നടത്തുന്നതിനിടെയുണ്ടായ സുരക്ഷാവീഴ്‌ചയില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഇരുവരെയും ചോദ്യം ചെയ്‌ത് വരികയാണ്. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം സുരക്ഷ ശക്തമാക്കി.
സംഭവത്തിന് പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയടക്കം വസതിയിലേക്ക് വിളിച്ചുവരുത്തി മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു. ഇന്ന് രാവിലെ പ്രഭാത സവാരിക്കിറങ്ങിയ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ സുരക്ഷാവലയം ഭേദിച്ച് രണ്ട് ബൈക്കുകള്‍ ചീറിപ്പാഞ്ഞെത്തുകയായിരുന്നു. ബൈക്കുകള്‍ തനിക്ക് നേരെ വരുന്നത് കണ്ടതോടെ റോഡരികിലെ ഫുട്‌പാത്തിലേക്ക് ചാടിക്കയറിയ മുഖ്യമന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. സംഭവത്തില്‍ രോഷാകുലനായ മുഖ്യമന്ത്രി അവരെ ഉടന്‍ പിടികൂടണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
നേരത്തെയും സുരക്ഷാവീഴ്‌ച : ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനുള്ള സുരക്ഷയില്‍ നേരത്തെയും വീഴ്‌ചകള്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യസമര സേനാനിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിനിടെ ഒരാള്‍ നിതീഷിന്‍റെ മുഖത്ത് അടിച്ചിരുന്നു. കൂടാതെ പ്രചാരണ റാലികളില്‍ പങ്കെടുക്കവെ കല്ലേറും ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി തവണ മുഖ്യമന്ത്രിക്ക് വിവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. 2012ലാണ് നിതീഷ് കുമാര്‍ ആദ്യമായി ആക്രമിക്കപ്പെടുന്നത്.
2012ലെ സുരക്ഷാവീഴ്‌ച : ബിഹാറിലെ ബക്‌സറില്‍ വച്ചാണ് മുഖ്യമന്ത്രിക്ക് നേരെ ആദ്യ ആക്രമണമുണ്ടായത്. ചൗസ ജില്ലയില്‍ സേവ യാത്രയ്‌ക്കിടെ നിതീഷ് കുമാറിന്‍റെ വാഹന വ്യൂഹം മടങ്ങുമ്പോള്‍ ഒരുകൂട്ടം ആളുകളെത്തി കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ മുഖ്യമന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.