ന്യൂഡൽഹി :ഇന്ത്യ മുന്നണിയുടെ (ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്‍റൽ ഇൻക്ലൂസീവ് അലയൻസ്) കൺവീനറാവാനുള്ള സഖ്യകക്ഷികളുടെ അഭ്യർഥന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിരസിച്ചതായി റിപ്പോർട്ട് (Nitish Kumar rejects convenor post). ശനിയാഴ്‌ച നടന്ന പ്രതിപക്ഷ സഖ്യത്തിന്‍റെ വെർച്വൽ യോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പകരം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ (Congress chief Mallikarjun Kharge) പേര് നിർദേശിച്ചതായും അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ അറിയിച്ചു. മുന്നണിയുടെ കൺവീനർ കോൺഗ്രസ് പാർട്ടിയിൽ നിന്നുതന്നെ വരണമെന്ന് സഖ്യകക്ഷികളോട് നിതീഷ് ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ലക്ഷ്യമിട്ടാണ് പ്രതിപക്ഷ പാർട്ടികൾ ഇന്ന് തന്ത്രപ്രധാനമായ വെർച്വൽ മീറ്റിംഗ് ആരംഭിച്ചത്. സീറ്റ് വിഭജനം സംബന്ധിച്ച തർക്ക വിഷയം ചർച്ച ചെയ്യപ്പെട്ടതായാണ് വിവരം.
ഇതിന് പുറമെ ഭാരത് ജോഡോ ന്യായ് യാത്രയിലെ പങ്കാളിത്തവും സഖ്യവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്‌തതായാണ് റിപ്പോർട്ട്. സഖ്യം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഉന്നത നേതാക്കൾ ചർച്ച നടത്തി. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സീറ്റ് വിഭജന ചര്‍ച്ചകള്‍ നിലവിൽ പുരോഗമിക്കുകയാണ്.