പട്‌ന:2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഇതര സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ പിന്നാക്ക സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ''2024ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയാണെങ്കില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കും. ബിഹാറിന് മാത്രമല്ല അര്‍ഹതപ്പെട്ട മറ്റ് സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി നല്‍കും,'' നിതീഷ് കുമാര്‍ വ്യക്തമാക്കി.
ഈയിടെ ഡല്‍ഹി സന്ദര്‍ശിച്ച നിതീഷ് കുമാര്‍ നിരവധി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സാധ്യതകള്‍ തേടുകയായിരുന്നു സന്ദര്‍ശന ലക്ഷ്യം. കഴിഞ്ഞ മാസമാണ് ബിജെപിയുമായുള്ള ദീര്‍ഘകാല സഖ്യം അവസാനിപ്പിച്ച് ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവയുമായി ചേര്‍ന്ന് നിതീഷ് കുമാര്‍ ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.
2007 മുതല്‍ ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം നിതീഷ് കുമാര്‍ ഉന്നയിക്കുന്നുണ്ട്. പല തെരഞ്ഞെടുപ്പുകളിലും ഇതേ ആവശ്യം നിതീഷ് കുമാര്‍ പ്രചരാണ വിഷയമാക്കിയിരുന്നു. ബിജെപിയുമായി സഖ്യത്തിലുള്ള സമയത്ത് അവരെ സമ്മർദത്തിലാക്കാനും നിതീഷ് കുമാര്‍ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്.
പ്രത്യേക പദവി ലഭിച്ചാലുള്ള നേട്ടം: ഒരു സംസ്ഥാനത്തിന് പ്രത്യേക പദവി ലഭിക്കുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന പദ്ധതികളില്‍ ആ സംസ്ഥാനത്തിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വിഹിതം മാത്രമെ ചെലവഴിക്കേണ്ടതൊള്ളൂ. പ്രത്യേക പദവി ലഭിക്കുകയാണെങ്കില്‍ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പദ്ധതി ചെലവിലെ അനുപാതം 90:10 എന്നായി മാറും. അതായത് പദ്ധതി ചെലവിന്‍റെ 90 ശതമാനം കേന്ദ്ര സര്‍ക്കാരും പത്ത് ശതമാനം സംസ്ഥാനവും വഹിക്കും.
ഇതാണ് പ്രത്യേക പദവി ലഭിച്ചാല്‍ സംസ്ഥാനങ്ങളുടെ പ്രധാന നേട്ടങ്ങളിലൊന്ന്. നിലവില്‍ 10 സംസ്ഥാനങ്ങള്‍ക്കും ഒരു കേന്ദ്രഭരണ പ്രദേശത്തിനുമാണ് പ്രത്യേക പദവിയുള്ളത്. അരുണാചല്‍ പ്രദേശ്, അസം, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്‌മീര്‍ (കേന്ദ്രഭരണ പ്രദേശം), മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗലന്‍ഡ്, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവയാണ് ഇവ.
പ്രത്യേക പദവിയുടെ മാനദണ്ഡങ്ങള്‍:ഭരണഘടനയില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി എന്നത് പരാമര്‍ശിച്ചിട്ടില്ല. നിലവില്‍ പിരിച്ചുവിട്ട ആസൂത്രണ കമ്മിഷന്‍റെ ഭാഗമായിരുന്ന ദേശീയ വികസന കൗണ്‍സിലിന്‍റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ പത്ത് സംസ്ഥാനങ്ങള്‍ക്കും നിലവില്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീരിനും പ്രത്യേക പദവി നല്‍കിയത്. ചില പ്രത്യേക ഘടകങ്ങള്‍ പരിഗണിച്ചാണ് പ്രത്യേക പദവി നല്‍കപ്പെട്ടത്.
സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയര്‍ന്ന് നില്‍ക്കുന്നതും ഗതാഗതത്തിന് ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങള്‍, കുറഞ്ഞ ജനസാന്ദ്രത, ആദിവാസി വിഭാഗങ്ങളുടെ അനുപാതം ജനസംഖ്യയില്‍ താരതമ്യേന കൂടുതല്‍, രാജ്യാതിര്‍ത്തിക്ക് സമീപം തന്ത്രപരമായ ഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്നത്, സാമ്പത്തികമായും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള പിന്നാക്കാവസ്ഥ, സര്‍ക്കാര്‍ വരുമാനം മതിയായ അളവില്‍ ഇല്ലാതിരിക്കുക എന്നീ ഘടകങ്ങളാണ് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കുന്നതിന് മാനദണ്ഡമാക്കുന്നതെന്നാണ് 2018ല്‍ പാര്‍ലമെന്‍റില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.
പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടി ബിഹാര്‍, ഒഡിഷ, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് നിലവില്‍ പ്രത്യേക പദവി ആവശ്യപ്പെടുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ പേരില്‍ പ്രഖ്യാപനം നടത്തുന്നതിലൂടെ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടി സംഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ തയ്യാറെടുക്കുന്നു എന്ന രാഷ്‌ട്രീയ സൂചനയും നിതീഷ് കുമാര്‍ നല്‍കുന്നുണ്ട്. 2024ല്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് നിതീഷ് കുമാര്‍ നേരത്തെ പ്രസ്‌താവിച്ചിരുന്നു.