ന്യൂഡൽഹി : ഡൽഹി ലെഫ്‌റ്റനന്‍റ് ഗവർണറുടെ അധികാര പരിധി സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഓർഡിനൻസിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പിന്തുണ അറിയിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വിഷയം ചർച്ച ചെയ്യുന്നതിനായി അരവിന്ദ് കെജ്‌രിവാളുമായി നിതീഷ് കുമാർ കൂടിക്കാഴ്‌ച നടത്തി. ഇന്ന് ഡൽഹിയിലെ കെജ്‌രിവാളിന്‍റെ വസതിയിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്.
യോഗത്തിന് ശേഷം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവർ സംയുക്തമായി മാധ്യമങ്ങളെ കണ്ടു. കെജ്‌രിവാളിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് നിരാകരിച്ച് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസ് വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന നിതീഷ് കുമാർ വിഷയത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് നൽകുന്ന അധികാരം എങ്ങനെ എടുത്തുകളയാൻ കഴിയുമെന്നും ഇത് ഭരണഘടന വിരുദ്ധമാണെന്നും അതിനാൽ തങ്ങൾ എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനൊപ്പം നിൽക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുമെന്ന് നിതീഷ് : ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ ശക്തികളെ ഒന്നിപ്പിക്കാൻ ശ്രമിക്കുകയാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കെജ്‌രിവാളുമായുള്ള ചർച്ചയ്‌ക്ക് ശേഷം ഭാവിയിലും യോഗങ്ങൾ നടത്തുമെന്നും രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം താൻ ഡൽഹിയിലെ ജനങ്ങൾക്കൊപ്പമാണെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രതികരണം. ബിജെപി ഇതര കക്ഷികൾ ഒന്നിച്ച് നിൽക്കുകയാണെങ്കിൽ കേന്ദ്രം ഈ ഓർഡിനൻസ് ബില്ലായി കൊണ്ടുവന്നാൽ രാജ്യസഭയിൽ അതിനെ പരാജയപ്പെടുത്താനാകുമെന്നും അത് പിന്നീട് 2024 ൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിനെ പുറത്താക്കാനാകുമെന്ന ഒരു സന്ദേശം കൂടിയാകുമെന്നും എഎപി നേതാവ് കൂട്ടിച്ചേർത്തു.