ന്യൂഡൽഹി : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജനതാദൾ യുണൈറ്റഡ് ദേശീയ അധ്യക്ഷനായി ചുമതലയേറ്റു (Nitish Kumar becomes new JDU President). ഇന്ന് നടന്ന പാർട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തെരഞ്ഞെടുത്തത്. മുൻ അധ്യക്ഷനായിരുന്ന ലാലൻ സിങ് (Lalan Singh) രാജി വയ്‌ക്കുകയും തുടർന്ന് നിതീഷ് കുമാറിനെ നിർദേശിക്കുകയും ആയിരുന്നെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ സി ത്യാഗി പറഞ്ഞു.
വരാനിരിയ്‌ക്കുന്ന പാർട്ടി ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗം അംഗീകാരം നൽകിയേക്കുമെന്നും ത്യാഗി പറഞ്ഞു. ഇന്ത്യ മുന്നണിയുടെ ഭാഗമാണ് ജെഡിയു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത്, പാർട്ടിയുടെ പ്രധാന നേതാവായ നിതീഷ് കുമാർ (Nitish Kumar) അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് പാർട്ടിയിലെ മിക്ക പ്രധാന നേതാക്കളും അഭിപ്രായപ്പെട്ടതായാണ് വിവരം.
രാജി പാർട്ടിക്കുള്ളിൽ വിമർശനങ്ങൾ ഉയർന്നതിനിടെ : ലാലന്‍ സിങ്ങിന്‍റെ നേതൃത്വത്തെ പാർട്ടിക്കുള്ളിൽ തന്നെ പല നേതാക്കളും വിമർശിച്ചിരുന്നതായാണ് പറയപ്പെടുന്നത്. എന്നാൽ വരാനിരിയ്‌ക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സ്വന്തം മണ്ഡലത്തിൽ കൂടുതൽ സജീവമാകാനാണ് പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുന്നത് എന്നാണ് ലാലൻ സിങ്ങിന്‍റെ പ്രതികരണം.
രാജി സ്വന്തം മണ്ഡലത്തിൽ സജീവമാകാനെന്ന് ലാലൻ സിങ് : ഡൽഹിയിൽ നടന്ന ദ്വിദിന യോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ സാന്നിധ്യത്തിലാണ് അദ്ദേഹം രാജിക്കാര്യം (Lalan Singh resigned) അറിയിച്ചത്. തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലത്തിൽ കൂടുതൽ സജീവമാവാനായി ദേശീയ അധ്യക്ഷ സ്ഥാനം രാജി വയ്‌ക്കുന്നതായും, പാർട്ടിയുടെ ദേശീയ അധ്യക്ഷനായി മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പേര് നിർദേശിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.