പട്‌ന:ജെഡിയുവിനെ കോണ്‍ഗ്രസിലേക്ക് ലയിപ്പിക്കാന്‍ തന്നോട് പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചിരുന്നതായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ. കഴിഞ്ഞ ദിവസം നിതീഷ്‌കുമാര്‍ തനിക്ക് ജനതാദള്‍(യു) അധ്യക്ഷ സ്ഥാനം വാഗ്‌ദാനം ചെയ്തെന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ പരാമര്‍ശത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.
പ്രശാന്ത് കിഷോര്‍ എന്തൊക്കെയോ സംസാരിച്ച് കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് ഞാന്‍ പ്രത്യേക വാഗ്‌ദാനങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. എനിക്ക് അദ്ദേഹവുമായി യാതൊരു ബന്ധവുമില്ല.
അദ്ദേഹത്തെ കുറിച്ച് പറയാനുള്ളതെല്ലാം ഞാന്‍ ഡല്‍ഹിയിലും പട്‌നയിലും പറഞ്ഞിട്ടുണ്ട്. ഞാന്‍ എന്നും അദ്ദേഹത്തെ കുറിച്ച് സംസാരിക്കേണ്ടതുണ്ടോയെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചോദിച്ചു. അദ്ദേഹത്തെ കുറിച്ച് ഇനിയും ഞാന്‍ എന്താണ് പറയേണ്ടത്?
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍റെ പാര്‍ട്ടിയെ കോണ്‍ഗ്രസിലേക്ക് ലയിപ്പിക്കണമെന്ന് അദ്ദേഹം എന്നോട് നിര്‍ദേശിച്ചിരുന്നു. അന്ന് എന്തിനാണ് എന്‍റെ പാര്‍ട്ടിയെ കോണ്‍ഗ്രസിലേക്ക് ലയിപ്പിക്കുന്നതെന്നാണ് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചത്. ഇപ്പോള്‍ അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറി. അത്തരം ആളുകള്‍ക്ക് സ്ഥിരമായൊരു പാര്‍ട്ടി ഇല്ലെന്നതാണ് വാസ്‌തവം.
അദ്ദേഹം ബിജെപിയുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. പ്രശാന്ത് കിഷോര്‍ തന്നെ കാണാനെത്തിയിരുന്നു. അദ്ദേഹത്തെ താന്‍ യോഗത്തിന് വിളിച്ചിട്ടില്ല. കേന്ദ്രത്തില്‍ നിന്ന് എന്തൊക്കെയോ നേടണമെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഇപ്പോള്‍ ബിജെപിയില്‍ ചേക്കേറിയതെന്നും അല്ലാതെ രാഷ്‌ട്രീയപരമായി മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തുനിയില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു. മാത്രമല്ല പ്രശാന്ത് കിഷോറിനെ കുറിച്ച് സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒന്നര വര്‍ഷം കൊണ്ട് ബിഹാറിലെ എല്ലാ ഭാഗങ്ങളും ലക്ഷ്യമിട്ടുളള ജന്‍സൂരജ് പ്രസ്ഥാനത്തിന്‍റെ ജനസമ്പര്‍ക്ക പരിപാടിയില്‍ 3500 കിലോമീറ്റര്‍ പദയാത്ര നടത്തുകയാണിപ്പോള്‍ പ്രശാന്ത് കിഷോര്‍. ഗാന്ധി ജയന്തി ദിനത്തിൽ പടിഞ്ഞാറൻ ചമ്പാരനിലെ ഭിത്തിഹാർവയിലെ ഗാന്ധി ആശ്രമത്തിൽ നിന്നാണ് അദ്ദേഹം 'പദയാത്ര' ആരംഭിച്ചത്. ജൻസൂരജ് പ്രസ്ഥാനത്തിന്‍റെ ഭാഗമായി നടത്തുന്ന പദയാത്ര സമൂഹത്തില്‍ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
സമൂഹത്തിലെ താഴേത്തട്ടിലുള്ള ജനസമൂഹത്തെ ജനാധിപത്യ വേദിയിലേക്ക് നയിക്കുകയെന്നതാണ് പ്രശാന്ത് കിഷോര്‍ നടത്തുന്ന പദയാത്രയുടെ ലക്ഷ്യം.