പട്‌ന : ഇന്ത്യ മുന്നണിയേക്കാള്‍ കോണ്‍ഗ്രസിന് താത്പര്യം അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലായി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലാണെന്ന കുറ്റപ്പെടുത്തലുമായി ബിഹാര്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നിരയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായ നിതീഷ് കുമാര്‍. 'ഭാജ്‌പ ഹഠാവോ ദേശ് ബച്ചാവോ' (ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ) എന്ന മുദ്രാവാക്യവുമായി സിപിഐ സംഘടിപ്പിച്ച റാലിയിലാണ് നിതീഷ് കുമാര്‍ അതൃപ്‌തി പ്രകടിപ്പിച്ചത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് സഖ്യം രൂപീകരിക്കാനുണ്ടായ കാര്യവും അദ്ദേഹം വിശദീകരിച്ചു.
കോണ്‍ഗ്രസ് തിരക്കിലാണ് : മുന്നണിയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കൂടുതല്‍ താത്പര്യമുള്ളതെന്ന് തോന്നുന്നു. കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കാന്‍ മുന്നണിയില്‍ ധാരണയായതാണെന്നും എന്നാല്‍ നിലവിലുള്ള തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതിന് ശേഷമേ അവര്‍ പ്രതികരിക്കുകയും യോഗം വിളിക്കുകയും ചെയ്യുമെന്നാണ് തോന്നുന്നതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.