ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യം സാധ്യമാകുന്നുവെന്ന പ്രതീക്ഷ നല്‍കിക്കൊണ്ട് ബിഹാര്‍ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ച. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും ഇന്ന് ഡല്‍ഹിയിലെത്തിയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയേയും കണ്ടത്. നിതീഷ് കുമാറിനും തേജസ്വി യാദവിനുമൊപ്പം ജനതാദൾ യുണൈറ്റഡ് പ്രസിഡന്‍റ് ലാലൻ സിങും കൂടിക്കാഴ്‌ചയുടെ ഭാഗമായി.
പ്രതീക്ഷയുടെ കൈകൊടുക്കല്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന യോഗത്തില്‍ രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) എംപി മനോജ് ഝാ, മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ് എന്നിവരും പങ്കെടുത്തു. വരാനിരിക്കുന്ന 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ ഐക്യനിര രൂപീകരിക്കാനുള്ള നിരവധി പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുടെ ശ്രമങ്ങൾക്കിടയിലാണ് നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്‌ച പ്രാധാന്യമർഹിക്കുന്നത്. അടുത്തിടെ കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ ഡൽഹിയിലെ വസതിയിൽ പ്രതിപക്ഷ നേതാക്കള്‍ക്ക് അത്താഴവിരുന്നൊരുക്കിയിരുന്നു. ഇതില്‍ പങ്കെടുത്ത ജെഡിയു അധ്യക്ഷന്‍ ലാലൻ സിങ്, പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഖാര്‍ഗെയുടെ അത്താഴവിരുന്ന്:ഇക്കഴിഞ്ഞ മാർച്ച് 27നാണ് പ്രതിപക്ഷ പാർട്ടികൾക്കായി മല്ലികാര്‍ജുന്‍ ഖാർഗെ അത്താഴ വിരുന്നൊരുക്കിയത്. പ്രതിപക്ഷത്തുള്ള ഉന്നത നേതാക്കളുടെ യോഗം വിളിക്കണമെന്ന പൊതുവായ ആവശ്യം ഉയർന്നിരുന്ന പശ്ചാത്തലത്തില്‍ തന്നെയായിരുന്നു ഈ സത്‌കാരം. മാത്രമല്ല 2019ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയുണ്ടായ 'മോദി' പരാമര്‍ശത്തിലെ മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധി വന്ന മാർച്ച് 23 നും എംപി സ്ഥാനത്തുനിന്നും അദ്ദേഹം അയോഗ്യനാക്കപ്പെട്ട 24 നും പിന്നാലെ മാര്‍ച്ച് 27നാണ് കോൺഗ്രസ് അധ്യക്ഷൻ പ്രതിപക്ഷ നേതാക്കള്‍ക്ക് അത്താഴ വിരുന്നൊരുക്കിയതും 'ഐക്യം' സംബന്ധിച്ച ചര്‍ച്ചയ്‌ക്ക് കളമൊരുങ്ങിയതും.
ഒറ്റക്കെട്ടെന്ന് വിളംബരം ചെയ്‌ത്:മുന്നിലുള്ള 'മിഷന്‍ 2024' നെ സംബന്ധിച്ച് യോഗത്തിൽ നിരവധി ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും അതെല്ലാം വെളിപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഖാർഗെയുടെ അത്താഴ വിരുന്നിൽ പങ്കെടുത്ത എഐസിസി നേതാക്കളുടെ പ്രതികരണം. തന്നെച്ചൊല്ലി ഉള്ളതല്ല പോരാട്ടമെന്നും രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുക എന്നതിനാണ് മുഖ്യപരിഗണന നല്‍കേണ്ടതെന്നും യോഗത്തിൽ രാഹുലും തന്‍റെ ഭാഗം വിശദമാക്കിയിരുന്നു. 19 പ്രതിപക്ഷ പാർട്ടികളും ബിജെപിക്കെതിരായി ഒറ്റക്കെട്ടായുണ്ടെന്നും ശിവസേനയും തങ്ങൾക്കൊപ്പമുണ്ടെന്നും കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് മേധാവി ജയറാം രമേശും വ്യക്തമാക്കിയിരുന്നു.
വിരുന്നിലെ ചില ശ്രദ്ധാകേന്ദ്രങ്ങള്‍:മാത്രമല്ല പാർലമെന്‍റ് സമുച്ചയത്തിനുള്ളിൽ ഖാർഗെ വിളിച്ച പ്രതിപക്ഷ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തതും ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ 'സവർക്കർ' പരാമർശത്തെ തുടര്‍ന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം വിരുന്നില്‍ നിന്ന് വിട്ടുനിന്നിരുന്നു. അതേസമയം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ കാണുകയും സവര്‍ക്കര്‍ വിഷയത്തിലെ 'പിണക്കം' മാറ്റുകയും ചെയ്‌തിരുന്നുവെന്നും ബന്ധപ്പെട്ട വ്യത്തങ്ങള്‍ അറിയിച്ചിരുന്നു. എല്ലാത്തിലുമുപരി അദാനി വിഷയത്തിൽ സംയുക്ത പാര്‍ലമെന്‍ററി സമിതി (ജെപിസി) അന്വേഷണം ഒന്നിച്ച് ആവശ്യപ്പെടാന്‍ 19 പാർട്ടികൾ തമ്മിലുള്ള ഐക്യം ഗുണം ചെയ്യുമെന്ന വിലയിരുത്തലും കോണ്‍ഗ്രസിനുണ്ട്.