പട്‌ന:'ബിഹാർ ഹിന്ദു രാഷ്‌ട്രത്തിന്‍റെ തീ ആളിക്കത്തിക്കും' എന്ന പ്രസ്‌താവന നടത്തിയ സ്വയം പ്രഖ്യാപിത ആൾദൈവം ബാബ ബാഗേശ്വര്‍ ധിരേന്ദ്ര ശാസ്‌ത്രിയെ വിമർശിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്ത്. ബിഹാറിൽ, എല്ലാവർക്കും ഇഷ്‌ടമുള്ള രീതിയിൽ ആരാധന നടത്താനും ഇഷ്‌ടമുള്ള രീതിയിൽ വിശ്വസിക്കാനും അവകാശം ലഭിക്കുന്നുണ്ടെന്ന് ബിഹാർ സർക്കാർ ഉറപ്പുനൽകുന്നുണ്ടെന്നും എന്നാൽ ആരും പരസ്‌പരം മറ്റൊരാളുടെ വിശ്വാസത്തിൽ ഇടപെടാനോ നിർബന്ധിക്കാനോ അനുവദിക്കില്ല എന്നും ആരെങ്കിലും സ്വന്തം നിലയിൽ എന്തെങ്കിലും പറഞ്ഞാൽ അതിന് ഈ സംസ്ഥാനത്ത് ഒരു വിലയുമില്ല എന്നും നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
'സ്വാതന്ത്ര്യസമരത്തിന് ശേഷം ഭരണഘടന നിലവിൽ വന്നു, രാജ്യത്തിന് എല്ലാവർക്കും സ്വീകാര്യമായ പേരും നല്‍കി. ഇങ്ങനെ പറയുന്നവരെല്ലാം സ്വാതന്ത്ര്യ സമരകാലത്ത് ജനിച്ചവരാണോ? ഇങ്ങനെ പറയേണ്ടതിന്‍റെ ആവശ്യകത എന്താണ്? നിങ്ങൾ ആഗ്രഹിക്കുന്ന ഏതെങ്കിലും മതത്തെ നിങ്ങൾക്ക് പിന്തുടരാം. പക്ഷേ രാജ്യത്തിന്‍റെ പേരുമാറ്റാനുള്ള നിർദേശങ്ങൾ ആശ്ചര്യകരമാണ്. അത് സാധ്യമാണോ?' -ധിരേന്ദ്ര ശാസ്‌ത്രിയുടെ പരാമർശത്തെക്കുറിച്ച് നിതീഷ് കുമാർ പറഞ്ഞു.
അതേസമയം, പട്‌നയിൽ പരിപാടി നടത്തുന്നതിൽ നിന്ന് ധിരേന്ദ്ര ശാസ്‌ത്രിയെ തടയാത്തതിനെ കുറിച്ച് ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി ദേശീയ അധ്യക്ഷനുമായ ലാലു പ്രസാദ് യാദവും പ്രസ്‌താവനയുമായി രംഗത്തെത്തി. ആരാണ് ബാബ ബാഗേശ്വർ? അദ്ദേഹം ഒരു ബാബയാണോ? എന്ന് മാധ്യമങ്ങളുടെ മുന്നിൽ ലാലു പ്രസാദ് യാദവ് പരിഹസിച്ചു.
അദ്ദേഹത്തിന്‍റെ മകനും ബിഹാർ മന്ത്രിയുമായ തേജ് പ്രതാപ് യാദവും ശാസ്‌ത്രിക്കെതിരെ ആഞ്ഞടിക്കുകയും തനിക്ക് അങ്ങനെയൊരു ബാബയെ അറിയില്ലെന്നും എന്നാൽ 'ദേവ്രഹ ബാബ'യെ മാത്രമേ അറിയുകയുള്ളു എന്നും അദ്ദേഹത്തിന്‍റെ ജനനവും ദേവ്രഹ ബാബയുടെ അനുഗ്രഹത്തോടെ സംഭവിച്ചതാണെന്നും പറഞ്ഞു. 'ഈ ബാബ ബിഹാറികളെ അധിക്ഷേപിക്കുകയും അവരെ 'പാഗൽ' എന്ന് വിളിക്കുകയും ചെയ്യുന്നു. ബീഹാറിൽ കൃഷ്‌ണരാജും മഹാഗത്ബന്ധൻ രാജും ഉണ്ട്. രാജ്യത്തെ വിഭജിക്കുക എന്നതാണ് ഇവരുടെ രാഷ്‌ട്രീയ അജണ്ട' -തേജ് പ്രതാപ് ആരോപിച്ചു.
തന്‍റെ പരിപാടിക്കായി അപ്രതീക്ഷിതമായി വൻ ജനക്കൂട്ടമെത്തിയതിനെ തുടർന്ന് ധിരേന്ദ്ര ശാസ്‌ത്രി നടത്താനിരുന്ന 'ദിവ്യ ദർബാർ' എന്ന പ്രാർഥന പരിപാടി റദ്ദാക്കിയതിന് ഒരു ദിവസത്തിന് ശേഷം തിങ്കളാഴ്‌ച പട്‌നയിൽ ഒരു പരിപാടിയെ അഭിസംബോധന ചെയ്യവെയാണ് ധിരേന്ദ്ര ശാസ്‌ത്രി ഹിന്ദു രാഷ്‌ട്രവുമായി ബന്ധപ്പെട്ട പ്രസ്‌താവന നടത്തിയത്. തിങ്കളാഴ്‌ച ബിഹാറിലെ പട്‌നയിലെ നൗബത്പൂർ പ്രദേശത്ത് ധിരേന്ദ്ര ശാസ്‌ത്രിയുടെ 'ദിവ്യ ദർബാർ' പരിപാടിയിൽ നൂറുകണക്കിന് ഭക്തർക്ക് വർധിച്ച താപനില മൂലവും ആൾക്കൂട്ടം കാരണവും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണമെന്ന് ബിജെപി എംപി രാംകൃപാൽ യാദവ് ആരോപിച്ചു. അതേസമയം, സംഭവത്തെത്തുടർന്ന് ജില്ലയിൽ ചൂട് ഉയർന്ന നിലയിൽ തുടരുന്നതിനാൽ ഭക്തജനങ്ങൾ കൂട്ടമായി വരുന്നത് ഒഴിവാക്കണമെന്ന് ധിരേന്ദ്ര ശാസ്‌ത്രി അഭ്യർഥിച്ചു. നാല് ദിവസത്തെ ഹനുമന്ത് കഥ പാരായണം മെയ് 17 ന് സമാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.