നാഗ്‌പൂർ:കൊവിഡ്-19 വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. എയിംസില്‍ നിന്നാണ് അദ്ദേഹവും ഭാര്യ കാഞ്ചൻ ഗഡ്‌കരിയും വാക്‌സിൻ സ്വീകരിച്ചത്. കൊവിഡ് -19 വാക്‌സിൻ സുരക്ഷിതമാണെന്നും വാക്‌സിനേഷനായി മുന്നോട്ട് വരാൻ ജനങ്ങളോട് അഭ്യർഥിക്കുന്നുവെന്നും ഗഡ്‌കരി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ദില്ലി എയിംസിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിൻ സ്വീകരിച്ചത്. വാക്‌സിനേഷന്‍റെ രണ്ടാം ഘട്ടത്തിൽ അമിത് ഷാ, എസ് ജയ്‌ശങ്കർ, ജിതേന്ദ്ര സിങ്, എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു.
2021 ജനുവരി 16 നാണ് രാജ്യവ്യാപകമായി വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. ഫെബ്രുവരി 2 ന് മുൻനിര ഉദ്യോഗസ്ഥരു(എഫ്എൽഡബ്ല്യു)ടെ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. മാർച്ച് ഒന്നോടെ 60 വയസിന് മുകളിലുള്ളവർക്കും 45 വയസിനു മുകളിലുള്ള ഗുരുതര രോഗാവസ്ഥകളുള്ളവർക്കുമായി രണ്ടാം ഘട്ട വാക്‌സിനേഷൻ ആരംഭിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 18,327 പുതിയ കൊവിഡ് -19 കേസുകളും 108 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. 1,80,304 സജീവ കേസുകൾ ഉൾപ്പെടെ, രാജ്യത്തെ മൊത്തം കൊവിഡ് കേസുകൾ 1,11,92,088 ൽ എത്തി. മരണസംഖ്യ 1,57,656 ആയി. ഇതുവരെ 1,94,97,704 പേർക്ക് കുത്തിവയ്‌പ് നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.