മുംബൈ :പൊതുമേഖല എണ്ണ കമ്പനികള്‍ഇന്ധന വില കൂട്ടിയതിനെ ന്യായീകരിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി. കഴിഞ്ഞ നാല് ദിവസത്തിനിടയില്‍ മൂന്ന് പ്രാവശ്യമാണ് രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചത്. യുക്രൈന്‍-റഷ്യ യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ക്ക് വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടാക്കിയതെന്ന് നിതിന്‍ ഗഡ്‌കരി പറഞ്ഞു.
വില നിര്‍ണയം കേന്ദ്ര സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലല്ലെന്നും ഗഡ്‌കരി വാദിച്ചു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് ആവശ്യമുള്ള അസംസ്കൃത എണ്ണയുടെ 80ശതമാനം ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ധിക്കുമ്പോള്‍ അത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും. ഇന്ധനത്തില്‍ രാജ്യം സ്വയം പര്യാപ്തത കൈവരിക്കണമെന്ന് താന്‍ 2004 മുതല്‍ പറഞ്ഞുവരികയാണെന്നും ഗഡ്‌കരി പറഞ്ഞു.
അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്‌ക്കാനായി സ്വീകരിച്ച നടപടികള്‍: എഥനോള്‍, മെഥനോള്‍, ബയോ എഥനോള്‍ എന്നിവയുടെ ഉത്പാദനത്തില്‍ രാജ്യം വലിയ പുരോഗതി കൈവരിക്കുകയാണ്. ഇവയില്‍ 40,000 കോടിയുടെ ഉത്പാദനം രാജ്യം വൈകാതെ കൈവരിക്കും. ഇതിലൂടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ആശ്രയം കുറയ്ക്കാന്‍ കഴിയുമെന്നും ഗഡ്‌കരി പറഞ്ഞു.
ഫ്ലക്‌സിബിള്‍ ഫ്യുവല്‍ വാഹനങ്ങള്‍ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് നടന്നുവരികയാണെന്നും ഗഡ്‌കരി പറഞ്ഞു. 80 ശതമാനംവരെ പെട്രോളും എഥനോളും ചേര്‍ത്ത് പ്രവര്‍ത്തിക്കാന്‍ ഫ്ലക്‌സിബിള്‍ ഫ്യുവല്‍ വാഹനങ്ങളുടെ എഞ്ചിനുകള്‍ക്ക് സാധിക്കും. അത്തരം വാഹനങ്ങള്‍ പുറത്തിറങ്ങുന്നതോടെ പെട്രോളിയം ഇറക്കുമതി കുറയ്ക്കാന്‍ സാധിക്കും.
ഇലക്ട്രിക്ക് വാഹനങ്ങളുടെയും ഡീസല്‍-പെട്രോള്‍ വാഹനങ്ങളുടേയും വില അടുത്ത രണ്ട് വര്‍ഷം കൊണ്ട് രാജ്യത്ത് ഒരേപോലെയാകുമെന്നും നിതിന്‍ ഗഡ്‌കരി പറഞ്ഞു. മലിന ജലത്തില്‍ നിന്നും ജൈവോത്പന്നത്തില്‍ നിന്നും ഹരിത ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ധിച്ചിട്ടും യുപി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിയും വരെ വില വര്‍ധിപ്പിക്കാതെ ഇരിക്കുകയായിരുന്നു പൊതുമേഖല എണ്ണ കമ്പനികള്‍.