മുംബൈ : കലാസംവിധായകൻ നിതിൻ ദേശായിയുടെ ആത്മഹത്യയിൽ തങ്ങൾ ഉത്തരവാദികളല്ലെന്ന് കാണിച്ച് എഡിൽവെയ്‌സ് കമ്പനി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. നിതിൻ ദേശായിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നും കമ്പനി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.
കഴിഞ്ഞ ദിവസം നിതിൻ ദേശായിയുടെ മരണവുമായി ബന്ധപ്പെട്ട് എഡിൽവെയ്‌സ് കമ്പനിയിലെ അഞ്ച് പേർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. നിതിൻ ദേശായിയുടെ ഭാര്യ നേഹ ദേശായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അതേസമയം എൻഡി സ്റ്റുഡിയോയുടെ പാപ്പരത്തക്കേസിൽ നാഷണൽ ആർബിട്രേഷൻ അതോറിറ്റി നൽകിയ ഉത്തരവ് പ്രകാരമാണ് നടപടിയെന്ന് എഡൽവെയ്‌സ് കമ്പനിയിലെ രാജ്‌കുമാർ ബൻസാലും രഷേഷ് ഷായും ഹർജിയിൽ ചൂണ്ടിക്കാട്ടി. തങ്ങളുടെ കമ്പനിയാണ് വായ്‌പ നൽകിയതെന്ന് എഡിൽവെയ്‌സ് കമ്പനിയുടെ ഹർജിയിൽ പരാമർശിച്ചിരുന്നു.
കടം തിരിച്ചുപിടിക്കാൻ നിയമപരമായ മാർഗം സ്വീകരിച്ചു. അതിനെ എങ്ങനെ ആത്മഹത്യ എന്ന് വിളിക്കുമെന്നും ഹർജിക്കാൻ ചോദിച്ചു. തങ്ങൾ ആത്മഹത്യക്ക് പ്രേരിപ്പിച്ചിട്ടില്ല. ദേശായിക്ക് വായ്‌പ നൽകി. തിരിച്ചടയ്ക്കുന്നതിന് ഉചിതമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ട്. എന്നാൽ റായ്‌ഗഡ് ഖലാപൂർ പൊലീസ് കമ്പനിക്ക് നോട്ടിസ് നൽകുകയായിരുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.
സംഭവത്തിൽ എഡിൽവെയ്‌സ് കമ്പനി ഡയറക്‌ടർമാരും ചെയർമാനും വെവ്വേറെ ഹർജികൾ നൽകിയിട്ടുണ്ട്. അതേസമയം അന്വേഷണ സംഘം 10 സാക്ഷികളുടെ മൊഴി എടുത്തതായും റിപ്പോർട്ടുകളുണ്ട്. സ്റ്റുഡിയോകളുമായി ബന്ധപ്പെട്ട് നിതിൻ ദേശായി എഡിൽവെയ്‌സ് കമ്പനിയിൽ നിന്ന് വായ്‌പ എടുത്തിരുന്നു. കൊവിഡിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ജനുവരി മുതൽ തിരിച്ചടവ് മുടങ്ങി.
നിതിൻ ദേശായിയുടെ എൻഡി സ്റ്റുഡിയോസിന് 252 കോടി രൂപയുടെ കടമുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ എഡിൽവെയ്‌സ് കമ്പനിയിലെ ഉദ്യോഗസ്ഥർ ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തിയെന്നും ഇതിന്‍റെ മാനസികാഘാതത്തിലാണ് നിതിൻ ദേശായി ആത്മഹത്യ ചെയ്‌തതെന്നുമാണ് നേഹ ദേശായി പരാതിയിൽ വ്യക്‌തമാക്കിയിട്ടുള്ളത്.
തുടർന്ന് നേഹ ദേശായിയുടെ പരാതിയിൽ കമ്പനിയിലെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. എഡിൽവെയ്‌സ് കമ്പനി ഡയറക്‌ടർ രാജ്‌കുമാർ ബൻസാലും പ്രസിഡന്‍റ് രഷേഷ് ഷായും ചേർന്ന് വായ്‌പ തിരിച്ചടയ്ക്കാൻ സമ്മർദം ചെലുത്തിയതായി എഫ്‌ഐആറിൽ പറയുന്നു. ഇവർ കാരണമാണ് നിതിൻ ദേശായി ആത്മഹത്യ ചെയ്‌തതെന്നും എഫ്‌ഐആറിൽ ആരോപിക്കുന്നുണ്ട്.
ബോളിവുഡിനെ നടുക്കിയ ആത്മഹത്യ : ഇക്കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് നിതിൻ ദേശായിയെ മഹാരാഷ്‌ട്രയിലെ റായ്‌ഗഡ് ജില്ലയിലെ കർജാത്തിലുള്ള അദ്ദേഹത്തിന്‍റെ എൽഡി സ്റ്റുഡിയോയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. സ്റ്റുഡിയോയിലെ ജീവനക്കാരാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ദേശായി തന്‍റെ തൊഴിലാളിക്ക് ഒരു കമ്പനിയുടെ സമ്മർദമുണ്ടെന്ന് അറിയിച്ചുകൊണ്ട് വീഡിയോ സന്ദേശം അയച്ചിരുന്നെന്നും പൊലീസ് കണ്ടെത്തിയിരുന്നു. 2023 ജൂലൈ 25-നാണ് നിതിൻ ദേശായിക്കും അദ്ദേഹത്തിന്‍റെ കമ്പനിയായ എൻഡി സ്റ്റുഡിയോസിനുമെതിരെ പാപ്പരത്ത നടപടിക്ക് എൻസിഎൽടി ഉത്തരവിട്ടത്.
ALSO READ :Nitin Desai | സ്വന്തം സ്‌റ്റുഡിയോയില്‍ ജീവനൊടുക്കി കലാസംവിധായകൻ നിതിൻ ദേശായി ; ആത്‌മഹത്യ ജന്മദിനത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ
മരണത്തിന് ശേഷം നിതിൻ ദേശായിയുടെ സ്റ്റുഡിയോകളിൽ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്‍റെ 11 ഓഡിയോ ക്ലിപ്പുകൾ പൊലീസ് കണ്ടെത്തിയിരുന്നു. ഈ ഓഡിയോകളിൽ എഫ്‌ഐആറിലുള്ള അഞ്ച് പേർക്കെതിരെയും നിതിൻ ദേശായി പറയുന്നുണ്ട്. തന്‍റെ സ്റ്റുഡിയോ പിടിച്ചെടുക്കാൻ ഇവർ ശ്രമിക്കുന്നതായും ദേശായി പരാമര്‍ശിച്ചിരുന്നു.