ഹൈദരാബാദ് : യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ (യുഎസ്കെ) സൗജന്യ ഇ-പൗരത്വത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നുവെന്ന് സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് പ്രഖ്യാപനം. യുഎസ്കെയുടെ ഇ-പൗരത്വത്തിനായി വ്യക്തികൾക്ക് അപേക്ഷ നൽകാനായി സ്‌കാൻ ചെയ്യാനുള്ള ക്യു ആർ കോഡും ട്വീറ്റിലൂടെ പങ്കുവച്ചിട്ടുണ്ട്.
പൗരത്വവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ്, തമിഴ് ഭാഷകളിലാണ് നിത്യാനന്ദയുടെ ട്വീറ്റുകൾ. ക്യു ആർ കോഡ് ഒരിക്കൽ സ്‌കാൻ ചെയ്‌താൽ, ഉപയോക്താവിനെ നേരിട്ട് നിത്യാനന്ദയുടെ Kailaasa.org എന്ന വെബ്‌സൈറ്റിന്‍റെ പൗരത്വ സൈൻഅപ്പ് ഫോമിലേക്ക് കൊണ്ടുപോകുന്നു. തുടർന്ന് പേര്, ഇ മെയിൽ ,വിലാസം എന്നിവ ഉൾപ്പടെ അടിസ്ഥാന വിവരങ്ങൾ ഫോമിൽ പൂരിപ്പിക്കാൻ ആവശ്യപ്പെടുന്നു.
സ്വയംപ്രഖ്യാപിത ആൾദൈവവും നിത്യാനന്ദ സ്ഥാപിച്ച രാജ്യവും അടുത്തിടെയാണ് വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. ഫെബ്രുവരി 24ന് യുഎൻ വേദിയിൽ കൈലാസയുടെ പ്രതിനിധിയായി വിജയപ്രിയ നിത്യാനന്ദ പങ്കെടുത്തതിന് പിന്നാലെയായിരുന്നു ഇത്. തന്‍റെ പ്രതിനിധി പങ്കെടുക്കുന്നതിന്‍റെ ചിത്രം നിത്യാനന്ദ തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചത്.
വേദിയിൽ ഇന്ത്യക്കെതിരെ നിരവധി ആരോപണങ്ങളും ഇവർ ഉന്നയിച്ചിരുന്നു. നിത്യാനന്ദയെ മാതൃരാജ്യമായ ഇന്ത്യ വേട്ടയാടുന്നുവെന്നാണ് വിജയപ്രിയ വേദിയിൽ ഉന്നയിച്ചത്. വിജയപ്രിയ കൈലാസത്തിൽ നിന്നുള്ള സ്ഥിരം അംബാസഡർ ആണെന്നും അവകാശപ്പെട്ടിരുന്നു.
ലോകത്തുള്ള നിരവധി രാജ്യങ്ങളിൽ ഇതിനോടകം കൈലാസ എംബസി, എൻജിഒ എന്നിവ തുറന്നിട്ടുണ്ടെന്നും വിജയപ്രിയ അവകാശപ്പെട്ടിരുന്നു. എന്നാൽ, നിത്യാനന്ദ സ്ഥാപിച്ച ഈ രാജ്യം എവിടെയാണെന്ന് ആർക്കും വലിയ ധാരണയില്ല. സാങ്കൽപ്പിക രാജ്യത്തിന്‍റെ പ്രതിനിധിയെന്ന് അവകാശപ്പെട്ട് നടത്തിയ പരാമർശങ്ങൾ പരിഗണിക്കാൻ പോകുന്നില്ലെന്ന് യുഎൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിഷയത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുഎന്നിൽ താൻ പറഞ്ഞ കാര്യങ്ങളിൽ വിജയപ്രിയ പിന്നീട് വിശദീകരണം നൽകിയിരുന്നു. കൈലാസ ഇന്ത്യയെ ഉന്നതമായി പരിഗണിക്കുകയും ഇന്ത്യയെ അതിന്‍റെ ഗുരുപീഠമായി ബഹുമാനിക്കുകയും ചെയ്യുന്നു എന്നായിരുന്നു വിജയപ്രിയ പിന്നീട് നടത്തിയ പ്രസ്‌താവന.
ഹിന്ദു വിരുദ്ധ ഘടകങ്ങളോട് മാത്രമാണ് ഞങ്ങള്‍ക്ക് ആശങ്ക. കൈലാസത്തിനും ഹിന്ദുമതത്തിനുമെതിരെ തുടരുന്ന വിദ്വേഷ പ്രചരണങ്ങൾക്കും ആക്രമണങ്ങള്‍ക്കും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവർക്കും എതിരെ ഇന്ത്യന്‍ ഭരണകൂടം നടപടിയെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. കൂടാതെ എല്ലാവരുടെയും സുരക്ഷയും, ക്ഷേമവും സംരക്ഷിക്കുന്നതിനും ആവശ്യമായ കാര്യങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്യണം എന്നും വിജയപ്രിയ പറഞ്ഞു.
തമിഴ്‌നാട് സ്വദേശിയായ നിത്യാനന്ദ 2019ൽ ഇന്ത്യ വിട്ടിരുന്നു. ഇന്ത്യയിൽ ഇയാൾക്കെതിരെ ബലാത്സംഗം ഉൾപ്പടെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 2020ൽ താൻ ഒരു പുതിയ രാഷ്‌ട്രം സ്ഥാപിച്ചുവെന്ന് അവകാശപ്പെട്ടായിരുന്നു നിത്യാനന്ദ വെർച്വലായി പ്രത്യക്ഷപ്പെട്ടത്. രാജ്യത്തിന്‍റെ പേര് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ എന്നാണെന്നും അറിയിച്ചു.
ഇടയ്‌ക്കിടെ വെർച്വലായി മാത്രം പ്രത്യക്ഷപ്പെടാറുള്ള നിത്യാനന്ദ എവിടെയാണെന്നോ ഇയാൾ സ്ഥാപിച്ച രാജ്യം എവിടെയാണെന്നോ ഇതുവരെ ആർക്കും വ്യക്തമായ ധാരണയില്ല. എന്നാൽ, ഇക്വഡോറിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത് എന്ന തരത്തിൽ വാർത്തകൾ മുൻപ് വന്നിരുന്നു. എന്നാൽ കരീബിയൻ ദ്വീപ സമൂഹങ്ങളിലാണ് ഈ ദുരൂഹ ദ്വീപ് സ്ഥിതി ചെയ്യുന്നതെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.