ന്യൂഡല്‍ഹി:ആള്‍ ദൈവം നിത്യാനന്ദയ്‌ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയും കൈലാസ യുണൈറ്റഡ് സ്റ്റേറ്റ്സിൽ അക്രമത്തിന് പദ്ധതിയിടുകയും ചെയ്യുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ഭരണകൂടം ശക്തമായ നടപടിയെടുക്കണമെന്ന് അദ്ദേഹത്തിന്‍റെ പ്രതിനിധി വിജയപ്രിയ നിത്യാനന്ദ. മാ വിജയപ്രിയ നിത്യാനന്ദ എന്ന പേരിൽ പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിത്യാനന്ദയുടെ ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
'ഹിന്ദു വിരുദ്ധ ഘടകങ്ങളോട് മാത്രമാണ് ഞങ്ങള്‍ക്ക് ആശങ്കയുള്ളത്. കൈലാസത്തിനും ഹിന്ദുമതത്തിനുമെതിരെ തുടരുന്ന വിദ്വേഷ പ്രചരണം ഉള്‍പ്പടെയുള്ള ആക്രമണങ്ങള്‍ക്കെതിരെയും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയും ഇന്ത്യന്‍ ഭരണകൂടം നടപടിയെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. കൂടാതെ എല്ലാവരുടെയും സുരക്ഷയും, ക്ഷേമവും സംരക്ഷിക്കുന്നതിനും ആവശ്യമായ കാര്യങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്യണം'- വിജയപ്രിയ പറഞ്ഞു.
ഫെബ്രുവരി 24ന് സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക അവകാശങ്ങള്‍ക്കായി നടന്ന യുഎന്‍ ചര്‍ച്ചയില്‍ നിത്യാനന്ദയുടെ പ്രതിനിധിയായി വിജയപ്രിയ പങ്കെടുത്തിരുന്നു. ഇതില്‍, ഹിന്ദുമതത്തിലെ പ്രാചീന പാരമ്പര്യങ്ങള്‍ പുനരുജ്ജീവിപ്പിച്ചു എന്നതിന്‍റെ പേരില്‍ ജന്മനാട്ടില്‍ നിന്നുള്‍പ്പടെ നിത്യാനന്ദ നിരവധി പീഡനത്തിന് ഇരയായി എന്നും വിജയപ്രിയ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി ഇവര്‍ രംഗത്തെത്തിയത്.
ഇന്ത്യയില്‍ നിന്നുമൊളിച്ചോടിയ ബലാത്സംഗ കേസ് പ്രതിയായ നിത്യാനന്ദ താന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസം എന്ന പേരില്‍ പുതിയ രാജ്യം സ്ഥാപിച്ചുവെന്ന അവകാശവാദവുമായി 2020ലാണ് രംഗത്തെത്തിയത്. പുരാതന ഹിന്ദു നാഗരിക രാഷ്‌ട്രം എന്നാണ് ഈ സ്ഥലത്തെ വിളിക്കുന്നത്. നിത്യാനന്ദ സ്ഥാപിച്ചു എന്ന് അവകാശപ്പെടുന്ന രാജ്യം എവിടെയാണെന്ന് ആര്‍ക്കും കൃത്യമായ ധാരണയില്ല.