കോഴിക്കോട് : ചാത്തമംഗലം എൻഐടി മെഗാ ബോയ്‌സ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥി മരിച്ചു. കോഴിക്കോട് എൻഐടിയിലെ ബിടെക് കംപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിയും ഹൈദരാബാദ് സ്വദേശിയുമായ ചെന്നുപതി യശ്വന്ത് (20) ആണ് മരിച്ചത്. ഹൈദരാബാദ് കുക്കട്ട്പ്പള്ളി ജയനഗർ സായ് ഇന്ദിര റസിഡന്‍റ്‌സ് കോളനിയിലെ ചെന്നുപതി വെങ്കട്ട നാഗേശ്വര റാവുവിന്‍റെയും ചെന്നുപതി ഭാരതിയുടെയും മകനാണ്.
തിങ്കളാഴ്‌ച (05.12.22) ഉച്ചയ്‌ക്ക് 2.30 ഓടെയാണ് സംഭവം. ഒമ്പതാം നിലയിലാണ് വിദ്യാർഥി താമസിച്ചിരുന്നത്. മൂന്നാം നിലയിൽ നിന്നാണ് ചാടിയത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം 5.30ഓടെ മരിച്ചു.
വിദ്യാർഥി എഴുതിയ കത്ത് പൊലീസിന് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ജീവനൊടുക്കാൻ കാരണമായി പറയുന്നത്. ഓൺലൈൻ ഗെയിമിൽ പണം നഷ്‌ടപ്പെട്ടതിന്‍റെ വിഷമത്തിലായിരുന്നുവെന്ന് സഹപാഠികൾ പറയുന്നു. ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
കുന്ദമംഗലം പൊലീസ് അന്വേഷണം തുടങ്ങി. ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള ചൂതാട്ടങ്ങളില്‍ വിദ്യാര്‍ത്ഥി പങ്കെടുത്തിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്. സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് യശ്വന്തിൻ്റെ പിതാവ് മുഖ്യമന്ത്രിക്ക് നിവേദനം അയച്ചു.
കേരള മുഖ്യമന്ത്രിയെ ടാഗ് ചെയ്‌ത് കെ ടി ആറിന്‍റെ ട്വീറ്റ്:കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച വിദ്യാർഥിയുടെപിതാവിന്‍റെ പരാതി പരിശോധിക്കണമെന്ന് അഭ്യർഥിച്ച് തെലങ്കാന ഐടി, വ്യവസായ മന്ത്രി കെ ടി രാമറാവു കേരള മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്‌തു കൊണ്ട് ട്വീറ്റ് ചെയ്‌തു. തന്‍റെ മകന്‍റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും പറഞ്ഞു കൊണ്ടുള്ള നാഗേശ്വരറാവു ചെന്നുപതിയുടെ ട്വീറ്റ് കെ ടി ആർ റീട്വീറ്റ് ചെയ്യുകയായിരുന്നു. അതേസമയം വിദ്യാർഥി എഴുതിയതെന്ന നിഗമനത്തിൽ പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പ് മകൻ എഴുതിയതല്ലെന്ന് പിതാവ് ആരോപിച്ചു.