ന്യൂഡൽഹി: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ നിഷാദ് പാർട്ടി നേതാവ് സഞ്ജയ് നിഷാദ് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയെ സന്ദർശിച്ചു. ഡൽഹിയിൽ വച്ച് നടന്ന ഈ ചർച്ച ഫലപ്രദമാണെന്നും തന്‍റെ പാർട്ടിയുടെ പിന്തുണയില്ലാതെ സംസ്ഥാനത്ത് ഒരു പാർട്ടിക്കും വിജയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിലെ വാഗ്‌ദാനങ്ങൾ
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.പി വിധാൻ സഭയിലും കേന്ദ്രത്തിലും തങ്ങൾക്ക് ഒരു പ്രധാന സ്ഥാനം നൽകാമെന്ന് വാഗ്‌ദാനം നൽകിയിരുന്നെന്നും എന്നാൽ കൊവിഡ് വ്യാപനം കാരണം അവ വൈകിയെന്നും ആ വാഗ്‌ദാനങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷായെ ഓർമ്മപ്പെടുത്താനാണ് താൻ ഇവിടെയെത്തിയതെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
നിഷാദ് സമുദായത്തിൽപ്പെട്ടവർക്ക് സംവരണം
നിഷാദ് സമൂഹത്തിന് അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിലെ 18 ശതമാനം വോട്ട് ബാങ്കും നിഷാദ് സമുദായത്തിൽപ്പെട്ടവരാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിഷാദ് പാർട്ടിക്ക് അർഹമായ സീറ്റ് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിഷാദ് സമൂഹത്തെ ഒബിസിയിൽ നിന്ന് മാറ്റി പട്ടികജാതിക്കാരായി സംവരണം നൽകാനും മജ്‌വർ സർട്ടിഫിക്കറ്റ് (മത്സ്യത്തൊഴിലാളികൾക്കും മറ്റും നൽകുന്ന സർട്ടിഫിക്കറ്റ്) നൽകണമെന്നും ജെ.പി നദ്ദയുമായി ചർച്ച ചെയ്‌തെന്നും അദ്ദേഹം അറിയിച്ചു.
അടുത്ത വർഷം നടക്കുന്ന യുപി തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നും മുഖ്യമന്ത്രിയുടെ സീറ്റ് ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും അതിനോടടുത്തുള്ള രണ്ട് സീറ്റ് മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളൂ എന്നും സഞ്ജയ് നിഷാദ് പറഞ്ഞു.
Also Read:എം.കെ സ്റ്റാലിൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും; കൂടുതൽ വാക്‌സിൻ ആവശ്യപ്പെടും