ന്യൂഡല്‍ഹി: ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ മൂന്നാം ദിവസം സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. 2013ല്‍ ലോകത്തെ ദുര്‍ബലമായ സമ്പദ് വ്യവസ്ഥ നില നിന്ന രാജ്യങ്ങളിലൊന്നായി അറിയപ്പെട്ട ഇന്ത്യ ഇന്ന് അതിവേഗ വളര്‍ച്ച കൈവരിക്കുന്ന സമ്പദ് വ്യവസ്ഥയായി മാറി. വമ്പിച്ച പണപ്പെരുപ്പവും വളര്‍ച്ച മുരടിപ്പും കാരണം ലോക രാജ്യങ്ങളെല്ലാം സാമ്പത്തിക രംഗത്ത് തകര്‍ച്ച നേരിടുമ്പോഴാണ് ഇന്ത്യയുടെ കുതിപ്പ് എന്നത് ശ്രദ്ധേയമാണ്.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ബ്രിട്ടീഷ് ജര്‍മ്മന്‍ ബാങ്കുകളുമൊക്കെ തുടര്‍ച്ചയായി പലിശ നിരക്ക് ഉയര്‍ത്തുകയാണ്. ചൈനയും ഉപഭോഗ വസ്‌തുക്കളുടെ കാര്യത്തില്‍ സ്‌തംഭനാവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ അതിവേഗം വളരുന്നത്. ഈ സാമ്പത്തിക വര്‍ഷം 6.53 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് നാം ലക്ഷ്യമിടുന്നത്.
രാജ്യത്തിന്‍റെ ഫോറക്‌സ് റിസര്‍വ് 600 കോടി ഡോളറാണ്. പ്രതിരോധ കയറ്റുമതി 16,000 കോടിയുടേതാണ്. 323 ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ നാം ഉത്‌പാദിപ്പിക്കുന്നു. 12 കോടി 72 ലക്ഷം വീടുകളില്‍ കുടിവെള്ള കണക്ഷന്‍ എത്തിച്ചു നല്‍കി. രാജ്യത്തെ സര്‍വകലാശാലകളുടെ എണ്ണം 1113 ലെത്തി. 148 വിമാനത്താവളങ്ങള്‍ നിര്‍മ്മിച്ചു. ദേശീയ പാതയുടെ ദൈര്‍ഘ്യം 1,45,355 കിലോമീറ്ററാക്കി വര്‍ധിപ്പിച്ചു. 23 മെഗാ ഫുഡ് പാര്‍ക്കുകള്‍ നിര്‍മ്മിച്ചു. ഇതെല്ലാം സാധ്യമാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിലാണ്.