കേരളം

kerala

ETV Bharat / bharat

'ഇന്ത്യ-അമേരിക്ക ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തും'; യുഎസ് ട്രഷറി സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തി നിര്‍മല സീതാരാമന്‍ - യുഎസ്‌

ജി 20യുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ-യുഎസ് സാമ്പത്തിക പങ്കാളിത്തത്തിന്‍റെ ഒമ്പതാമത് യോഗം നടക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്‍റെ അപകടസാധ്യത ലഘൂകരിക്കുക, ബഹുമുഖ സ്ഥാപനങ്ങൾ വികസിപ്പിക്കുക, പല വികസ്വര രാജ്യങ്ങളും അഭിമുഖീകരിക്കുന്ന കടഭാരം പരിഹരിക്കുക എന്നിവയുൾപ്പടെയുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ അമേരിക്കയും ഇന്ത്യയും ഉണ്ടാക്കിയ ധാരണകള്‍ രണ്ട് രാജ്യങ്ങളെയും സഹായിക്കുമെന്ന് യു എസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ പറഞ്ഞു

US Treasury Secretary Janet Yellen  Nirmala Sitharaman met US Treasury Secretary  India US Bilateral relationship  Bilateral relationship between India and US  യുഎസ് ട്രഷറി സെക്രട്ടറി  നിര്‍മല സീതാരാമന്‍  ജി 20  ഇന്ത്യ  യുഎസ്‌  എസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍
'ഇന്ത്യ-യുഎസ്‌ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തും': യുഎസ് ട്രഷറി സെക്രട്ടറിയുമായി നിര്‍മല സീതാരാമന്‍ കൂടിക്കാഴ്‌ച നടത്തി

By

Published : Nov 11, 2022, 9:11 PM IST

ന്യൂഡൽഹി : ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യയും യുഎസും ചര്‍ച്ച നടത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഒമ്പതാമത് ഇന്ത്യ-യുഎസ് സാമ്പത്തിക പങ്കാളിത്ത യോഗത്തിന് തുടക്കം കുറിച്ചുകൊണ്ട് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനൊപ്പം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു നിര്‍മല സീതാരാമന്‍. യുഎസുമായുള്ള ദീർഘകാല ബന്ധത്തിന് ഉഭയകക്ഷി ചർച്ചകൾ കൂടുതൽ ഊർജം പകരുമെന്നും മന്ത്രി വ്യക്തമാക്കി.

'ഒരു വിശ്വസ്‌ത പങ്കാളി എന്ന നിലയിൽ അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ആഴത്തിൽ വിലമതിക്കുന്നു. ഇരു രാജ്യങ്ങളും പരമ്പരാഗതമായി ശക്തമായ ഉഭയകക്ഷി ബന്ധം പങ്കിടുകയാണ്. സാമ്പത്തിക പങ്കാളിത്തത്തിലൂടെയുള്ള ബഹുമുഖ സഹകരണം ഉഭയകക്ഷി ഇടപെടലുകളുടെ ഒരു പ്രധാന കാരണമാണ്' - ധനമന്ത്രി പറഞ്ഞു.

'ഞങ്ങളുടെ കൂടിക്കാഴ്‌ച ഇരു രാജ്യങ്ങളുടെയും സാമ്പത്തിക ബന്ധത്തിന് കൂടുതല്‍ ഊര്‍ജം പകരും. വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ആഗോള സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ നയം സ്വീകരിക്കുന്നതിനെ കുറിച്ചും ചര്‍ച്ച നടത്തിയിട്ടുണ്ട്' - നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ജി 20യുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ-യുഎസ് സാമ്പത്തിക പങ്കാളിത്തത്തിന്‍റെ ഒമ്പതാമത് യോഗം നടക്കുന്നത്. ആഗോള സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്നതിനും ബഹുരാഷ്‌ട്ര വാദം ശക്തിപ്പെടുത്തുന്നതിനും യുഎസിന്‍റെ സഹകരണം ഇന്ത്യ തുടര്‍ന്നും ആശ്രയിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കൈവരിക്കാനുള്ളത് നിര്‍ണായക ലക്ഷ്യങ്ങള്‍ : ഇന്ത്യ-യുഎസ് സഹകരണം സാമ്പത്തിക വളർച്ചയെ മാത്രമല്ല സഹായിക്കുന്നതെന്നും ഇന്തോ-പസഫിക് മേഖലയില്‍ ഉടനീളമുള്ള സാമ്പത്തിക അഭിവൃദ്ധിയെ പിന്തുണയ്ക്കുന്നതിനും ഇത് സഹായകമാകുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ പറഞ്ഞു. ഇന്ത്യ ജി 20 യുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമ്പോൾ, ഇരു രാജ്യങ്ങളും പങ്കിട്ട കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാനുള്ള തീരുമാനത്തിലാണെന്നും യെല്ലന്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന്‍റെ അപകടസാധ്യത ലഘൂകരിക്കുക, ബഹുമുഖ സ്ഥാപനങ്ങൾ വികസിപ്പിക്കുക, പല വികസ്വര രാജ്യങ്ങളും അഭിമുഖീകരിക്കുന്ന കടഭാരം പരിഹരിക്കുക എന്നിവയുൾപ്പടെയുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ അമേരിക്കയും ഇന്ത്യയും ഉണ്ടാക്കിയ ധാരണകള്‍ രണ്ട് രാജ്യങ്ങളെയും സഹായിക്കും. ഈ ലക്ഷ്യങ്ങള്‍ ജി 20 യില്‍ ചര്‍ച്ച ചെയ്യുമെന്നും യുഎസ്‌ ട്രഷറി സെക്രട്ടറി പറഞ്ഞു.

ജി 20 : വികസിതവും വികസ്വരവുമായ രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ജി 20. ഡിസംബർ 1 ന് ഇന്ത്യ ജി 20 യുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 14 മുതൽ 16 വരെ ഇന്തോനേഷ്യൻ നഗരമായ ബാലി സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഉച്ചകോടിയിൽ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവരും പങ്കെടുത്തേക്കും.

യുക്രെയ്ൻ സംഘർഷം, ഭക്ഷ്യ-ഊർജ സുരക്ഷ, കാലാവസ്ഥ വ്യതിയാനം പോലുള്ള ആഗോള പ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച നടന്നേക്കുമെന്നാണ് സൂചന. ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോഡോയുടെ ക്ഷണപ്രകാരമാണ് മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ജി 20യുടെ നിലവിലെ അധ്യക്ഷ പദവി വഹിക്കുന്നത് ഇന്തോനേഷ്യയാണ്.

ABOUT THE AUTHOR

...view details