വാഷിങ്‌ടണ്‍: ഇന്ത്യ അവതരിപ്പിച്ച 5ജി സാങ്കേതികവിദ്യ പൂർണമായും തദ്ദേശീയമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വ്യാഴാഴ്‌ച (ഒക്‌ടോബര്‍ 13) വാഷിങ്‌ടണിലെ ജോൺ ഹോപ്‌കിൻസ് സർവകലാശാലയിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇതേക്കുറിച്ചുള്ള വിവരം വന്‍തോതില്‍ ആരും അറിഞ്ഞിട്ടില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
'5ജി പൂർണമായും മേക്ക് ഇന്‍ ഇന്ത്യ'; മറ്റു രാജ്യങ്ങള്‍ക്ക് നല്‍കാനും തയ്യാറെന്ന് നിര്‍മല സീതാരാമന്‍
അമേരിക്കയിലെ ജോൺ ഹോപ്‌കിൻസ് സർവകലാശാലയിൽ സംസാരിക്കുന്നതിനിടെയാണ് ഇന്ത്യ അവതരിപ്പിച്ച 5ജിയെക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ പ്രസ്‌താവന
കൊറിയ പോലുള്ള രാജ്യങ്ങള്‍ 5ജിയുമായി ബന്ധപ്പെട്ട് ചില പ്രധാനപ്പെട്ട നിര്‍മാണ ഭാഗങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ, ഞങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് മാറ്റാരെയും ആശ്രയിച്ചിട്ടില്ല. ആവശ്യമുള്ള മറ്റുരാജ്യങ്ങള്‍ക്ക് 5ജി സാങ്കേതികവിദ്യ നൽകാൻ ഇന്ത്യയ്‌ക്ക് കഴിയും. 2024ല്‍ രാജ്യത്തിന്‍റെ ഭൂരിഭാഗം ആളുകള്‍ക്കും ലഭ്യമാവുന്ന രൂപത്തില്‍ 5ജി വിതരണം ചെയ്യാനാവുമെന്ന് സ്വകാര്യ കമ്പനികൾ അറിയിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഒക്‌ടോബര്‍ ഒന്നിനാണ് 5ജി സേവനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടത്. ഉദ്ഘാടന ദിവസം തന്നെ എട്ട് നഗരങ്ങളിൽ എയർടെൽ ഈ സേവനം ലഭ്യമാക്കിയിരുന്നു. 2023 ഡിസംബറോടെ രാജ്യത്തെല്ലായിടത്തും സേവനം എത്തിക്കുമെന്നാണ് റിലയൻസ് ജിയോയുടെ പ്രഖ്യാപനം. 5ജിയുടെ താരിഫ്, കമ്പനികൾ ഉടൻ പ്രഖ്യാപിച്ചേക്കും.