ബെല്ലാരി :കളിക്കുന്നതിനിടെ മെന്തോപ്ലസ് ബാമിന്‍റെ ചെറിയ ടിന്‍ വിഴുങ്ങിയ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കര്‍ണാടക ബെല്ലാരിയിലാണ് സംഭവം. ഇന്ദിരനഗര്‍ സ്വദേശികളായ മുത്യാല രാഘവേന്ദ്ര-തുളസി ദമ്പതികളുടെ മകള്‍ പ്രിയദര്‍ശിനിയാണ് മരിച്ചത്.
വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെയാണ് കുട്ടി മെന്തോപ്ലസ് ബാമിന്‍റെ ടിന്‍ വിഴുങ്ങിയത്. കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മ എത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ തന്നെ അമ്മ കുഞ്ഞിന്‍റെ തൊണ്ടയില്‍ നിന്നും ടിന്‍ പുറത്തെടുക്കാന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍, കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെടാന്‍ തുടങ്ങിയതോടെ ഇവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് കുട്ടി മരിച്ചത്. തുടര്‍ന്ന് മാതാപിതാക്കളുടെ ആവശ്യപ്രകാരം തൊണ്ടയില്‍ കുടുങ്ങിയ മെന്തോപ്ലസ് ബാമിന്‍റെ ടിന്‍ നീക്കം ചെയ്‌തിരുന്നുവെന്ന് ശിശുരോഗ വിദഗ്‌ധ ഡോ. കൽപന പറഞ്ഞു.
തലവേദനയ്‌ക്കും മറ്റും ഉപയോഗിക്കുന്ന ബാം ആണ് മെന്തോപ്ലസ്. അതിന്‍റെ ഏറ്റവും ചെറിയ ടിന്‍ ആണ് കുട്ടി കളിക്കുന്നതിനിടെ വിഴുങ്ങിയത്. പ്രിയദര്‍ശിനി, രാഘവേന്ദ്ര-തുളസി ദമ്പതികളുടെ ഏക മകളാണ്. വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷമായിരുന്നു ഇവര്‍ക്ക് കുഞ്ഞു പിറന്നത്.
Also Read :ഗുളികയ്‌ക്കൊപ്പം അബദ്ധത്തില്‍ കവര്‍ വിഴുങ്ങി; 61കാരന്‍റെ ജീവന്‍ രക്ഷിച്ചത് എന്‍ഡോസ്‌കോപ്പിക് സാങ്കേതിക വിദ്യയിലൂടെ
ബെംഗളൂരുവില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞ് കുപ്പിയുടെ അടപ്പ് വിഴുങ്ങി :കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങിയ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ചത് സങ്കീര്‍ണമായ ശസ്‌ത്രക്രിയയിലൂടെ. ബെംഗളൂരുവിലെ ഫോർട്ടിസ് നാഗർഭാവി ആശുപത്രിയിലായിരുന്നു കുട്ടിയുടെ ശസ്‌ത്രക്രിയ. കഴിഞ്ഞ ഡിസംബറിലായിരുന്നു ഈ സംഭവം.
കുഞ്ഞ് അടപ്പ് വിഴുങ്ങിയ വിവരം ഒരാഴ്‌ച പിന്നിട്ട ശേഷമായിരുന്നു രക്ഷിതാക്കള്‍ അറിഞ്ഞത്. ശ്വാസ തടസവും ആരോഗ്യപ്രശ്‌നങ്ങളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ കുട്ടിയ നിരവധി ആശുപത്രികളിലെത്തിച്ചു. ശ്വാസകോശത്തിൽ അണുബാധയാണെന്നായിരുന്നു ഡേക്‌ടര്‍മാര്‍ ആദ്യം പറഞ്ഞത്.
ദിവസങ്ങള്‍ കഴിയുംതോറും കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരുന്നു. ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്കും കുഞ്ഞെത്തി. പിന്നാലെ കടുത്ത പനിയും അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു.
തുടര്‍ന്നായിരുന്നു കുഞ്ഞിനെ ഫോർട്ടിസ് നാഗർഭാവി ആശുപത്രിയിലേക്ക് രക്ഷിതാക്കള്‍ എത്തിച്ചത്. ഇവിടെ നടത്തിയ പരിശോധനയില്‍ ആയിരുന്നു കുട്ടിയുടെ ശ്വാസനാളത്തില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങിയതായി കണ്ടെത്തിയത്. പിന്നാലെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കിയാണ് അടപ്പ് നീക്കം ചെയ്‌തത്.
ആശുപത്രി അധികൃതർ പറഞ്ഞത് :കുഞ്ഞ് ശ്വാസം എടുക്കുന്ന സമയങ്ങളില്‍ വ്യത്യ്‌തമായ ഒരു ശബ്‌ദം കേള്‍ക്കാന്‍ കഴിയുമായിരുന്നു. ഈ സാഹചര്യത്തില്‍ ലാറിംഗോസ്‌കോപ്പിക്ക് കുട്ടിയെ വിധേയയാക്കി. ശ്വാസനാളത്തെയും തൊണ്ടയെയും അടുത്തറിയാന്‍ വേണ്ടി നടത്തുന്ന പരിശോധനയാണ് ലാറിംഗോസ്‌കോപ്പി.
ഇതേതുടര്‍ന്നാണ് കുട്ടിയുടെ ശ്വാസനാളത്തില്‍ വെള്ള നിറത്തില്‍ എന്തോ ഒന്ന് തടഞ്ഞിരിക്കുന്നത് കണ്ടെത്തിയത്. ശ്വാസനാളത്തെ ഇത് ഭാഗികമായി തടസപ്പെടുത്തിയ നിലയില്‍ ആയിരുന്നു ഉണ്ടായിരുന്നത്. പിന്നാലെ നടത്തിയ ശസ്‌ത്രക്രിയയിലാണ് കുപ്പിയുടെ അടപ്പ് വിജയകരമായി നീക്കം ചെയ്‌തത്.