ന്യൂഡല്‍ഹി:ഏറെ ചര്‍ച്ചയായ ശ്രദ്ധ വാക്കര്‍ കൊലക്കേസിന് സമാനമായ രീതിയില്‍ നടന്ന നിക്കി യാദവ് കൊലപാതകക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസ്. നിക്കി യാദവും കൊലപ്പെടുത്തിയ സാഹില്‍ ഗെലോട്ടും കേവലം ലിവ് ഇന്‍ പങ്കാളികള്‍ മാത്രമായിരുന്നില്ലെന്നും ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെന്നുമാണ് പൊലീസിന്‍റെ വെളിപ്പെടുത്തല്‍. അതേസമയം 24 കാരിയായ നിക്കിയെ കാറില്‍ വച്ച് മൊബൈല്‍ ഫോണ്‍ കേബിള്‍ കഴുത്തില്‍ മുറുക്കിയാണ് ലിവ് ഇന്‍ പങ്കാളിയായ സാഹില്‍ കൊലപ്പെടുത്തിയതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരങ്ങള്‍.
വിവാഹത്തിന് നിര്‍ബന്ധിച്ചതിന് മറുപടി കൊല:മൂന്ന് വർഷം മുമ്പ് ആര്യസമാജ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം. 2020 ല്‍ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതോടെ തുടര്‍ന്നങ്ങോട്ട് ലിവ് ഇന്‍ പങ്കാളികളല്ലെന്നും ഭാര്യാഭര്‍ത്താക്കന്മാരുമാണെന്ന് വ്യക്തമാക്കി മറ്റൊരു വിവാഹം കഴിക്കുന്നതില്‍ നിന്ന് നിക്കി സാഹിലിനെ വിലക്കിയിരുന്നതായും ചോദ്യം ചെയ്യലില്‍ മനസിലായെന്ന് സ്‌പെഷ്യല്‍ പൊലീസ് കമ്മിഷണര്‍ രവീന്ദര്‍ യാദവ് പറഞ്ഞു.
വിവാഹക്കാര്യം പറയുമ്പോള്‍ തുടര്‍ച്ചായി ഒഴിവുകഴിവുകള്‍ പറയുന്നതിനോട് നിക്കിക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ തീരുമാനിച്ചുറപ്പിച്ച ഫെബ്രുവരി 10 വിവാഹം നടത്തുന്നതിന് നിക്കി ശാഠ്യം പിടിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മറ്റൊരു വിവാഹത്തോടുള്ള നിക്കിയുടെ എതിര്‍പ്പാണ് കുടുംബാംഗങ്ങളും പരിചയക്കാരും ചേര്‍ന്നുള്ള കൊലപാതകത്തിലേക്ക് എത്തിയതെന്നും അന്ന് തന്നെ രണ്ടാം വിവാഹത്തിന് തെരഞ്ഞെടുത്തതെന്നും സാഹില്‍ പറഞ്ഞതായി പൊലീസ് കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.
ബന്ധുക്കള്‍ 'ശത്രുക്കള്‍':അതേസമയം കൊലപാതകത്തിലേക്ക് നീങ്ങിയ ഗൂഢാലോചനയില്‍ പങ്കെടുത്തതിനും കൊലയ്‌ക്ക് സഹായിച്ചതിനും സാഹിലിന്‍റെ പിതാവ് ഉള്‍പ്പടെ അഞ്ചുപേരെ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തിരുന്നു. സാഹിലിന്‍റെ പിതാവ്, ആഷിഷ്, നവീന്‍, അമര്‍, ലോകേഷ് എന്നിവരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120ബി (ക്രിമിനല്‍ ഗൂഢാലോചന), 201 (കുറ്റകൃത്യത്തിന്‍റെ തെളിവ് നശിപ്പിക്കല്‍), 202 (അറിഞ്ഞോ അറിയാതെയോ കുറ്റകൃത്യത്തിന്‍റെ ഭാഗമാവുക), 212 (കുറ്റവാളിയെ സംരക്ഷിക്കുക) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കൂടാതെ ഗൂഢാലോചനയില്‍ ഭാഗമായ സാഹിലിന്‍റെ ബന്ധു നവീന്‍ ഡല്‍ഹി പൊലീസിലെ കോണ്‍സ്‌റ്റബിളാണെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു.
സാഹിലിന്‍റെ വഴിയില്‍ പൊലീസ്: അറസ്‌റ്റ് ചെയ്‌ത ശേഷം ഡല്‍ഹി കോടതിക്ക് മുന്നില്‍ ഹാജരാക്കിയ മുഖ്യപ്രതിയായ സാഹില്‍ ഗെലോട്ടിനെ അഞ്ച് ദിവസത്തെ പൊലീസ് റിമാന്‍ഡില്‍ വിട്ടിരുന്നു. പ്രതിയെ അഞ്ച് ദിവസം കസ്‌റ്റഡിയില്‍ വാങ്ങിയത് അന്വേഷണത്തിന്‍റെ ഭാഗമായാണെന്നും കൊല നടന്ന രാത്രി സാഹില്‍ സഞ്ചരിച്ച വഴിയെക്കുറിച്ച് അന്വേഷിക്കാന്‍ പെലീസ് സംഘങ്ങളായി തിരിഞ്ഞിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഡിസിപി സതീഷ് കുമാര്‍ അറിയിച്ചിരുന്നു. മാത്രമല്ല സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിക്കി കൊലപാതകം, ഒരു ഫ്ലാഷ്‌ബാക്ക്:ഇക്കഴിഞ്ഞ ഫെബ്രുവരി 10നാണ് നിക്കി യാദവിനെ പങ്കാളിയായ സാഹില്‍ ഗെലോട്ട് കൊലപ്പെടുത്തുന്നത്. ഇരുവരും സഞ്ചരിച്ച കാറില്‍ മൊബൈല്‍ ഫോണ്‍ കേബിള്‍ കഴുത്തില്‍ മുറുക്കിയാണ് നിക്കിയെ സാഹില്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം ഡല്‍ഹിയിലെ മിത്രോണ്‍ ഗ്രാമത്തിലുള്ള അദ്ദേഹത്തിന്‍റെ റെസ്‌റ്ററന്‍റിലെ ഫ്രിഡ്‌ജില്‍ സൂക്ഷിക്കുകയായിരുന്നു. മാത്രമല്ല അന്നത്തെ ദിവസം തന്നെ സാഹില്‍ മറ്റൊരു വിവാഹവും ചെയ്‌തു.
2018 ല്‍ ഒരു കോച്ചിങ് സെന്‍ററില്‍ വച്ച് പരിചയപ്പെട്ട നിക്കിയും സാഹിലും സൗഹൃദത്തിലാകുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. എന്നാല്‍ സാഹിലിന്‍റെ വീട്ടുകാര്‍ ഇയാളും മറ്റൊരു യുവതിയുമായുള്ള വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ വിവരം സാഹില്‍ നിക്കിയില്‍ നിന്ന് മറച്ചുവച്ചു. ഇതിനിടെ കാര്യം മനസിലാക്കിയ നിക്കി സാഹിലിനെ മറ്റൊരു വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയും ഇരുവരും തമ്മിലുള്ള വിവാഹത്തിന് നിര്‍ബന്ധം പിടിക്കുകയുമായിരുന്നു. ഇതെത്തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് നിക്കിയുടെ കൊലപാതകത്തില്‍ കലാശിച്ചത്.