ഹൈദരാബാദ് : ബന്ധങ്ങള്‍ മെച്ചപ്പെടുന്നതിനുള്ള എളുപ്പവഴികള്‍ (ലൗ സ്‌പെല്‍ കാസ്‌റ്റര്‍) വാഗ്‌ദാനം ചെയ്‌ത് ഡോക്‌ടറായ യുവതിയില്‍ നിന്ന് 12.45 ലക്ഷം രൂപ തട്ടിയ രണ്ട് നൈജീരിയന്‍ സ്വദേശികള്‍ ഹൈദരാബാദ് പൊലീസിന്‍റെ പിടിയില്‍. ഒഖ്‌വുചൊഖ്‌വു(41), ജോനാഥന്‍ ഉസാക്ക(35) എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. തട്ടിപ്പ് സംഘത്തിലുള്‍പ്പെട്ട മറ്റ് രണ്ടുപേര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് രചകൊണ്ട സൈബര്‍ ക്രൈം എസിപി എസ് വി ഹരികൃഷ്‌ണ അറിയിച്ചു.
നേത്രചികിത്സ വിദഗ്‌ധയായ പരാതിക്കാരി, തന്‍റെ സ്വകാര്യ ജീവിതവും ഔദ്യോഗിക ജീവിതവും മെച്ചപ്പെടുന്നതിനായി 'ലൗ സ്‌പെല്‍ കാസ്‌റ്ററി'നായി ഇന്‍റര്‍നെറ്റില്‍ തെരച്ചില്‍ നടത്തിയതുവഴിയാണ് പ്രതികളെ പരിചയപ്പെടുന്നത്. തന്‍റെ ഉദ്ദേശം സാധ്യമാകുന്നതിനായി പറഞ്ഞുറപ്പിച്ചത് ഒരു ലക്ഷം രൂപയായിരുന്നുവെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ആകെ 12.45 ലക്ഷം രൂപ പ്രതികള്‍ വാങ്ങിയതായി പരാതിക്കാരി പൊലീസിനോട് പറഞ്ഞു. പ്രതികളെ അറസ്‌റ്റ് ചെയ്‌ത ഡല്‍ഹിയിലെ ഉത്തം നഗര്‍ പ്രദേശത്താണ് ഇവരുടെ സംഘം പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി.