നാഗ്‌പൂർ (മഹാരാഷ്‌ട്ര) : മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്‌കരിയെ അപായപ്പെടുത്തുമെന്ന ഭീഷണിയിൽ എൻഐഎ ഉടൻ അന്വേഷണം ആരംഭിക്കും. കേസിൽ കർണാടകയിലെ ബെൽഗാം ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ജയേഷ് കാന്ത എന്ന ജയേഷ് പൂജാരിയെ നാഗ്‌പൂർ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ജനുവരിയിലാണ് പ്രതി ജയേഷ് പൂജാരിയുടെ ആദ്യ ഭീഷണി സന്ദേശം നിതിൻ ഗഡ്‌കരിയുടെ പബ്ലിക് റിലേഷൻസ് ഓഫിസിലേക്ക് എത്തിയത്.
ഓഫിസിലേക്ക് ഫോൺ വിളിച്ച് പണം ആവശ്യപ്പെടുകയും ഭീഷണി മുഴക്കുകയുമായിരുന്നു. 100 കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. പിന്നീട് മാർച്ചിൽ 10 കോടി രൂപ ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
ഭീഷണി സന്ദേശത്തിന് പിന്നാലെ നിതിൻ ഗഡ്‌കരിയുടെ സുരക്ഷയും വർധിപ്പിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബെൽഗാവ് ജയിലിൽ നിന്ന് ജയേഷ് പൂജാരിയാണ് ഭീഷണി മുഴക്കി ഫോൺ വിളിച്ചത് എന്ന് കണ്ടെത്തി. തുടർന്ന് മാർച്ച് 28ന് ബെൽഗാം ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്ന ജയേഷ് പൂജാരിയെ നാഗ്‌പൂർ പൊലീസ് അറസ്റ്റ് ചെയ്‌ത് നാഗ്‌പൂരിലേക്ക് കൊണ്ടുവന്നു.
അന്വേഷണത്തിൽ ജയേഷ് പൂജാരിക്ക് ഭീകരനുമായും ഗുണ്ടാസംഘങ്ങളുമായും ബന്ധമുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നാഗ്‌പൂർ പൊലീസ് ജയേഷ് പൂജാരിക്കെതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും കേന്ദ്ര ആഭ്യന്തര വകുപ്പിന് കേസിന്‍റെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌തു. തുടർന്നാണ് കേസിന്‍റെ അന്വേഷണ ചുമതല എൻഐഎയെ ഏൽപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. എൻഐഎ അന്വേഷണ സംഘം നാഗ്‌പൂരിലെത്തി ഈ കേസിന്‍റെ അന്വേഷണ ചുമതല ഉടൻ ഏറ്റെടുക്കും.