മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാർ കണ്ടെത്തിയ കേസ് എൻഐഎക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ് പ്രകാരമാണ് കേസ് എൻഐഎക്ക് കൈമാറാൻ തീരുമാനിച്ചത്. എൻഐഎ കേസ് ഉടൻ ഏറ്റെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തു; കേസ് എൻഐഎക്ക് - സ്ഫോടക വസ്തുക്കൾ നിറച്ച കാർ
ഫെബ്രുവരി 25നാണ് മുകേഷ് അംബാനിയുടെ വസതിക്ക് സമീപം 20 ജലാറ്റിൽ സ്റ്റിക്കുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയത്.
ഫെബ്രുവരി 25നാണ് മുകേഷ് അംബാനിയുടെ വസതിയായ ആന്‍റിലക്ക് സമീപം സ്ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയത്. 20 ജലാറ്റിൽ സ്റ്റിക്കുകൾ വാഹനത്തിൽനിന്ന് കണ്ടെടുത്തിരുന്നു. മുകേഷ് അംബാനിയേയും ഭാര്യ നിതയെയും ഭീഷണിപ്പെടുത്തിയുള്ള കുറിപ്പും ഇതോടൊപ്പം കണ്ടെടുത്തിരുന്നു. അന്വേഷണത്തില്‍ കാറിന്‍റെ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താനെ സ്വദേശിയായ മൻസുക് ഹിരണിന്‍റെ മൃതദേഹം താനെയ്ക്കടുത്തു കൽവ കടലിടുക്കിൽ നിന്നാണ് കണ്ടെത്തിയത്.
തന്‍റെ കാർ മോഷ്ടിച്ചവർ, അതിൽ സ്ഫോടകവസ്തുക്കൾ നിറച്ച് അംബാനിയുടെ വസതിക്കു മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇദ്ദേഹം നേരത്തെ പൊലീസിനു മൊഴി നൽകിയിരുന്നത്.