ന്യൂഡൽഹി : നിരോധിത ഖലിസ്ഥാൻ (Khalistan) അനുകൂല സംഘടനയായ സിഖ് ഫോർ ജസ്‌റ്റിസ് (Sikhs for Justice) നേതാവ് ഗുർപത്വന്ത് സിങ് പന്നൂനിന്‍റെ (Gurpatwant Singh Pannu) സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. പന്നൂനിന്‍റെ പഞ്ചാബിലുള്ള ഭൂമിയും ചണ്ഡീഗഡിലെ വീടുമാണ് എൻഐഎ ഇന്ന് കണ്ടുകെട്ടിയിട്ടുള്ളത് (Properties Seized). കാനഡയിലെ ഹിന്ദുക്കൾക്കെതിരെയുള്ള ഗുർപത്വന്ത് സിങിന്‍റെ ഒരു ഭീഷണി സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
ഇന്ത്യക്കാരായ ഹിന്ദുക്കൾ കാനഡയിൽ നിന്നും തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങണമെന്നതായിരുന്നു പന്നൂനിന്‍റെ സന്ദേശം. കാനഡയിലാണെങ്കിലും ഇന്ത്യയോടാണ് കൂറെന്നാണ് ഹിന്ദുക്കൾക്കെതിരായ ആരോപണം. 2019 ലാണ് പഞ്ചാബിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുകയും പ്രോത്സാഹിപ്പിക്കുകയും സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌തതിന്‍റെ പേരിൽ ഗുർപത്വന്ത് സിങ് പന്നൂൻ എൻഐഎയുടെ നോട്ടപ്പുള്ളിയാകുന്നത്.
സിഖുകൾക്ക് മാത്രമായി ഖലിസ്ഥാൻ എന്ന പേരിൽ സ്വതന്ത്ര രാജ്യം വേണമെന്നാണ് ഗുർപത്വന്ത് സിങ് പന്നൂൻ ആവശ്യപ്പെട്ടത്. പിന്നാലെ വിഘടനവാദ സംഘടനയുടെ ഭാഗമാകാൻ സിഖ് യുവാക്കളെ പ്രേരിപ്പിക്കുകയും ചെയ്‌തു. പിന്നീട് 2020 ജൂലൈയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാളെ തീവ്രവാദിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഉലഞ്ഞ് ഇന്ത്യ കാനഡ നയതന്ത്ര ബന്ധം : ഇക്കഴിഞ്ഞ ദിവസങ്ങളിൽ, ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം തുലാസിലായത് ഇരു രാജ്യങ്ങൾക്കുമിടയിൽ ഏറെ ആശങ്ക സൃഷിച്ചിരുന്നു. നിരോധിത സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്‍റെ (കെടിഎഫ്) തലവൻ ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ (Hardeep Singh Nijjar Murder) ഇന്ത്യൻ ഏജന്‍റുമാർക്ക് പങ്കുള്ളതായി കാനഡ ആരോപിച്ചിരുന്നു. കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയാണ് ആരോപണം ഉന്നയിച്ചത്.