ശ്രീനഗർ : ദേശീയ അന്വേഷണ ഏജൻസിയുടെ (National Investigation Agency(NIA)) നേതൃത്വത്തിൽ ജമ്മു കശ്‌മീരിൽ നടത്തിവരുന്ന റെയ്‌ഡിന്‍റെ ഭാഗമായി നിരോധിത സാമൂഹിക-മത സംഘടനയായ ജമാഅത്തെ ഇസ്‌ലാമി (Jamaat-e-Islami(JeI)) അംഗങ്ങളുടെ വീടുകളിലും പരിശോധന.
തീവ്രവാദ സംഘങ്ങളുടെയും സഹായികളുടെയും ശൃംഖല കണ്ടെത്തുന്നതിനായി പൊലീസിന്‍റെയും സിആർപിഎഫ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് എൻഐഎ റെയ്‌ഡ്. ഇതിന്‍റെ ഭാഗമായി അനന്ത്‌നാഗ്, ബന്ദിപോറ, ഗന്ദർബാൽ, ബുദ്ഗാം, ഷോപ്പിയാന്‍ എന്നിവിടങ്ങളിലെ ജെ.ഇ.എൽ അംഗങ്ങളുടെ വസതികളിൽ പരിശോധന നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ALSO READ: ഭീകരാക്രമണത്തിൽ പ്രദേശവാസികൾ കൊല്ലപ്പെട്ട സംഭവം: ജമ്മു കശ്മീരിൽ എൻഐഎ റെയ്‌ഡ്
2019ലാണ് കേന്ദ്രസർക്കാർ ജെ.ഇ.എല്ലിനെ നിരോധിച്ചത്. കൂടാതെ 2019 ഓഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം സംഘടനയിലെ നിരവധി അംഗങ്ങളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്‌തു. 2017 മുതൽ കശ്‌മീരിൽ തീവ്രവാദികൾക്കും വിഘടനവാദികൾക്കുമെതിരെ എൻഐഎ പ്രതിരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ തീവ്രവാദം, അതിനുള്ള സാമ്പത്തിക സഹായം മുതലായ കേസുകളിൽ വിവിധ നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തിരുന്നു.
അടുത്തിടെ നടന്ന സിവിലിയൻ കൊലപാതകങ്ങളും എൻഐഎയുടെ അന്വേഷണപരിധിയിലാണ്. കേസുമായി ബന്ധപ്പെട്ട് 13 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. സ്ഥിരീകരിക്കാത്ത കണക്കുകൾ പ്രകാരം കഴിഞ്ഞ നാല് മാസത്തിനിടെ ജമ്മു കശ്മീരിലുടനീളം 130 റെയ്‌ഡുകളാണ് എൻഐഎ നടത്തിയത്.