ശ്രീനഗർ:അടുത്തിടെ നടന്ന സിവിലിയൻ കൊലപാതകങ്ങളുമായി (civilian killings) ബന്ധപ്പെട്ട് കശ്‌മീരിലെ വിവിധയിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (National Investigation Agency (NIA)) വ്യാപക റെയ്‌ഡ്. ഹബ്ബ കടൽ സ്വദേശി ഷാഹിദ് ബഷീർ, പരിമ്പോറ സ്വദേശി മുഗൈസ് അഹമ്മദ് എന്നിവരുൾപ്പെടെ ശ്രീനഗറിലെ കൊല്ലപ്പെട്ട ചില തീവ്രവാദികളുടെ വീടുകളിലും എൻഐഎ സംഘം റെയ്‌ഡ് നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
ALSO READ:പുൽവാമയില്‍ ഫിറോസ് അഹമ്മദ് വാനിയുടെ വീട്ടില്‍ എൻഐഎ റെയ്‌ഡ്
കഴിഞ്ഞ ആഴ്‌ചയാണ് പുൽവാമയിലെ വാഹിബുഗ് ഗ്രാമത്തിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഷാഹിദ് കൊല്ലപ്പെട്ടത്. അതേസമയം 2017ൽ ശ്രീനഗറിലെ ഫത്തേക്കഡലിൽ നടന്ന ഏറ്റുമുട്ടലിൽ മുഗൈസ് കൊല്ലപ്പെട്ടിരുന്നു. കൂടാതെ അനന്ത്നാഗ്, കുൽഗാം, പുൽവാമ, ഷോപിയാൻ തുടങ്ങിയ പ്രദേശവാസികളുടെ വീടുകളിലും സംഘം പരിശോധന നടത്തി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സമീപപ്രദേശത്ത് നിന്നുള്ളവരും തദ്ദേശീയരുമായ അഞ്ച് തൊഴിലാളികളുൾപ്പെടെ ഒൻപത് സാധാരണക്കാരാണ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് എൻഐഎ റെയ്‌ഡ് വർധിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. ഒക്‌ടോബർ പത്തിന് രജിസ്റ്റർ ചെയ്ത കേസിൽ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 13 പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.