ന്യൂഡൽഹി : ഐഎസ് മഹാരാഷ്‌ട്ര മൊഡ്യൂൾ കേസിൽ ആറാമതായി ഒരാളെ കൂടി ശനിയാഴ്‌ച(ഓഗസ്‌റ്റ് 5) ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്‌റ്റ് ചെയ്‌തു. ഐഎസ് സംഘടനയുമായി ബന്ധമുണ്ടെന്ന പേരിൽ ആകിഫ് അതീഖ് നച്ചൻ എന്നയാളെയാണ് എൻഐഎ അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്. ഭീകരപ്രവർത്തനങ്ങൾക്കായി സ്‌ഫോടക വസ്‌തുക്കൾ (ഐഇഡി) നിർമിച്ചു, പരീക്ഷിച്ചു, മറ്റ് രണ്ട് ഭീകരവാദികൾക്ക് ഒളിത്താവളം ഒരുക്കി നൽകി എന്നീ കുറ്റങ്ങളിലാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്. നിരോധിത ഐഎസ് സംഘടനയുമായി ചേർന്ന് ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഗൂഡാലോചന നടത്തി രാജ്യത്തിന്‍റെ ക്രമസമാധാനം തകർക്കുന്ന ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരെ പിടികൂടുകയാണ് ഈ കേസിലൂടെ എൻഐഎ ചെയ്യുന്നത്.
മുംബൈ, താനെ, പൂനെ എന്നിവിടങ്ങിൽ നിന്നാണ് എൻഐഎ മറ്റ് പ്രതികളെ നേരത്തെ അറസ്‌റ്റ് ചെയ്‌തത്. മുംബൈയിൽ നിന്ന് തബിഷ് നാസർ സിദ്ദിഖി, പൂനെയിൽ നിന്ന് അബു നുസൈബ എന്ന സുബൈർ നൂർ മുഹമ്മദ് ഷെയ്‌ഖ്, താനെയിൽ നിന്നും ഷർജീൽ ഷെയ്‌ഖ്, സുൽഫിക്കർ അലി ബറോദാവാല, പൂനെയിലെ കോണ്ട്‌വയിൽ നിന്നുള്ള അദ്‌നാൻ സർക്കാർ എന്നിവരാണ് ഈ കേസിൽ അറസ്‌റ്റിലായ അഞ്ച് പ്രതികൾ.
എടിഎസ് പൂനെ അറസ്‌റ്റ് ചെയ്‌തിട്ടുള്ള മറ്റ് പ്രതികളായ സുൽഫിക്കർ അലി ബറോദാവാല, മുഹമ്മദ് ഇമ്രാൻ ഖാൻ, മുഹമ്മദ് യൂനസ് സാക്കി, അബ്‌ദുൾ കാദിർ പത്താൻ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ച് നിയുക്ത വിദേശ തീവ്രവാദ സംഘടനയായ ഐഎസിന്‍റെ ഭീകര പ്രവർത്തനങ്ങളെ ആകിഫ് പ്രേത്സാഹിപ്പിച്ചിരുന്നതായും സംഘടനയിൽ സജീവമായി പ്രവർത്തിച്ചിരുന്നതായും എൻഐഎ കണ്ടെത്തി. 2022 ഏപ്രിലിൽ രാജസ്ഥാനിൽ വച്ച് ഒരു കാറിൽ നിന്നും സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയ കേസിൽ സുഫ തീവ്രവാദി സംഘത്തിലെ അംഗങ്ങളായ ഇമ്രാൻ ഖാനും മുഹമ്മദ് യൂനസ് സാക്കിയും ഒളിവിൽ പോയിരുന്നു.