ശ്രീനഗർ: ജമ്മു കശ്‌മീരിൽ തീവ്രവാദ ആക്രമണത്തിന് ഗൂഢാലോചന നടത്തിയ കേസിൽ അനുബന്ധ കുറ്റപത്രം എൻഐഎ കോടതിയിൽ സമർപ്പിച്ചു. ലഷ്‌കര്‍ ഇ മുസ്‌തഫ ഗ്രൂപ്പിന്‍റെ ഓപ്പറേറ്റീവുകളായ നാല് പേർക്കെതിരെയാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ബിഹാർ സ്വദേശികളായ അർമാൻ മൻസൂരി എന്ന മുഹമ്മദ് അർമാൻ അലി, ഗുദ്ദു അൻസാരി എന്ന മുഹമ്മദ് എഹ്‌സാനുള്ള, ജമ്മുകശ്‌മീരിലെ അനന്ത്‌നഗർ സ്വദേശികളായ ഇമ്രാൻ അഹമ്മദ് ഹജാം, ഇർഫാൻ അഹമ്മദ് ദാർ എന്നിവർക്കെതിരെയാണ് എൻഐഎ സ്‌പെഷ്യൽ കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.
ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും സുരക്ഷയെയും ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ലഷ്‌കര്‍ ഇ ത്വയ്ബയുടെ നിർദേശപ്രകാരം ലഷ്‌കര്‍ ഇ മുസ്‌തഫയുടെ പ്രവർത്തകർ ജമ്മുകശ്‌മീരിൽ തീവ്രവാദ പ്രവർത്തനം നടത്താൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കേസിൽ ഓഗസ്റ്റ് ആറിന് ഏജൻസി കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപത്രത്തിൽ പറയുന്ന നാല് പ്രതികളും തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കാളികളാണെന്നും ബിഹാറിൽ നിന്ന് ആയുധങ്ങൾ പഞ്ചാബ്, ഹരിയാനയിലൂടെ ജമ്മു കശ്‌മീരിലേക്ക് കടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും വക്താവ് പറഞ്ഞു.