ന്യൂഡൽഹി: നിരോധിത ഭീകര സംഘടനകളായ ബബ്ബർ ഖൽസ ഇന്‍റർനാഷണൽ (ബികെഐ), ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെടിഎഫ്) എന്നീ സംഘടനകളുടെ നേതാക്കളായ മൂന്ന് കുപ്രസിദ്ധ തീവ്രവാദികൾക്കെതിരെയും സംഘടയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മറ്റ് ആറ് പേർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. തീവ്രവാദ പട്ടികയിൽ ഉൾപ്പെട്ടെ ബബ്ബർ ഖൽസ ഇന്‍റർനാഷണലിന്‍റെ നേതാക്കളായ ഹർവീന്ദർ സിങ് സന്ധു, ലക്ബിർ സിങ് സന്ധു, ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് നേതാവായ അർഷ്‌ദീപ് സിങ് എന്നിവർക്കെതിരെയും ഇതിന്‍റെ പ്രവർത്തകർക്കെതിരെയുമാണ് കുറ്റപത്രം സമർപ്പിച്ചത്.
തീവ്രവാദ പ്രവർത്തനം, മയക്കുമരുന്ന് കടത്ത് എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികൾ വിദേശ രാജ്യങ്ങൾ ആസ്ഥാനമായി പ്രവർത്തിച്ച് വരികയായിരുന്നുവെന്നും ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ തീവ്രവാദ ശ്യംഖല സൃഷ്‌ടിച്ചിരുന്നു എന്നും അന്വേഷണ സംഘം കണ്ടെത്തി.
പ്രതികൾക്ക് പാകിസ്ഥാനിലേയും മറ്റ് രാജ്യങ്ങളിലേയും മയക്കുമരുന്ന് കടത്തുകാരുമായും, ഖാലിസ്ഥാൻ പ്രവർത്തകരുമായും അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വിദേശം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രതികൾ തീവ്രവാദ പ്രവർത്തനങ്ങൾ, കൊള്ള, അതിർത്തി കടന്ന് ആയുധങ്ങളും മയക്കുമരുന്നുകളും ഇന്ത്യയിലേക്ക് കടത്തൽ എന്നീ പ്രവർത്തികൾക്കായി ഇന്ത്യയിൽ യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ഇവർക്ക് പരിശീലനം നൽകുകയും ചെയ്‌തിരുന്നു.
കൂടാതെ പ്രാദേശിക ഗുണ്ടാസംഘങ്ങൾ, ക്രിമിനൽ സംഘങ്ങൾ തുടങ്ങി ഉത്തരേന്ത്യയിൽ പ്രവർത്തിക്കുന്ന പ്രധാന ക്രിമിനൽ സംഘങ്ങളുമായും ഇവർ ബന്ധം പുലർത്തിയിരുന്നു. ബബ്ബർ ഖൽസ ഇന്‍റർനാഷണലിന് വേണ്ടിയും ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സി വേണ്ടിയും പ്രതികൾ അനധികൃതമായി ധനസമാഹരണവും നടത്തിയിരുന്നു.