കോയമ്പത്തൂര്‍:കാര്‍ സ്‌ഫോടന കേസില്‍ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). എൻഐഎ എസ്‌പി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഭവസ്ഥലത്തെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബിന്‍റെ വീട്ടിലും എന്‍ഐഎ സംഘം പരിശോധന നടത്തും.
അന്വേഷണം എന്‍ഐഎ ഏറ്റെടുത്തതിന് പിന്നാലെ നേരത്തെ കേസ് അന്വേഷിച്ചിരുന്ന സിറ്റി പൊലീസ്, ശേഖരിച്ച തെളിവുകളും രേഖകളും ദേശീയ അന്വേഷണ സംഘത്തിന് കൈമാറി. അവനാശി റോഡിലെ പോലീസ് റിക്രൂട്ട്‌സ് സ്‌കൂളിലാണ് എന്‍ഐഎയുടെ താത്‌കാലിക ഓഫിസ്. ഒക്‌ടോബർ 23ന് പുലർച്ചെയാണ് കോയമ്പത്തൂരിലെ ഉക്കടം കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിന് സമീപം സ്ഫോടനമുണ്ടായത്.
കാറിൽ കൊണ്ടുപോകുകയായിരുന്ന ഗ്യാസ് സിലിണ്ടറുകളിൽ ഒരെണ്ണം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ കാറിലുണ്ടായിരുന്ന ജമേഷ മുബിൻ എന്ന യുവാവ് മരിച്ചു. അപകടം ആണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജമേഷ മുബിന്‍റെ വീട്ടില്‍ നിന്ന് പൊട്ടാസ്യം നൈട്രേറ്റ്, അലൂമിനിയം, സൾഫർ തുടങ്ങി 75 കിലോ സ്ഫോടക വസ്‌തുക്കൾ കണ്ടെത്തി.